12 മണിക്കൂര്‍ ഏറ്റുമുട്ടല്‍; ലക്‌നൗവില്‍ വീട്ടിനുള്ളില്‍ ഒളിച്ചിരുന്ന ഭീകരനെ വധിച്ചു;ഇയാള്‍ക്ക് ഐഎസുമായി ബന്ധമുള്ളതായി സംശയം

ലക്‌നൗ: 12 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിന് ശേഷം ലക്‌നൗവിലെ താക്കൂര്‍ഗഞ്ചില്‍ വീട്ടില്‍ ഒളിച്ചിരുന്ന ഭീകരനെ കൊന്നു. ആദ്യം രണ്ട് ഭീകരര്‍ ഇവിടെ ഒളിച്ചിരിക്കുന്നുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പിന്നീട് നടത്തിയ തിരച്ചിലില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇയാളുടെ പക്കല്‍ നിന്നും പിസ്റ്റല്‍, കത്തി, റിവോള്‍വര്‍ തുടങ്ങിയ ആയുധങ്ങള്‍ കണ്ടെത്തി.താകുര്‍ഗഞ്ചില്‍ ഹാജി കോളനിയിലെ വീട്ടിലാണ് ഭീകരന്‍ ഒളിച്ചിരുന്ന് ആക്രമണം നടത്തിയത്.ഐഎസ് ബന്ധമുള്ള ഭീകരന്‍ സൈഫുള്ള എന്നയാളാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെന്ന് ഭീകരവിരുദ്ധ സ്‌ക്വാഡ് ഐജി അസീം അരുണ്‍ പറഞ്ഞു. മധ്യപ്രദേശിലെ ഭോപ്പാല്‍ ഉജ്ജയിന്‍ യാത്രാ തീവണ്ടിയില്‍ സ്‌ഫോടനം നടത്തിയ ആളാണ് കൊല്ലപ്പെട്ട സൈഫുള്ള എന്നും അദ്ദേഹം പറഞ്ഞു. ഏഴു ഘട്ടമായി നടക്കുന്ന യു.പി തെരഞ്ഞെടുപ്പിന്റെ അവസാന നിമിഷമാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. ഭീകരന്‍ ഒളിച്ചിരുന്നു എന്ന കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് കെട്ടിടത്തില്‍ പോലീസ് പരിശോധന നടത്തുന്നതിനിടെ വെടിവയ്പ്പ് നടക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് തീവ്രവാദി താക്കൂര്‍ഗഞ്ചിലെ വീട്ടില്‍ രണ്ട് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. തുടര്‍ന്ന് അവിടെ എത്തിയ പോലീസിന്റെ നേര്‍ക്ക് ഇയാള്‍ വെടിയുതിര്‍ക്കുകയായിരുന്നു.ആദ്യഘട്ടത്തില്‍ ഭീകരനെ ജീവനോടെ പിടികൂടുവാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും അതിന് സാധിച്ചില്ല. അതിനായി കണ്ണീര്‍ വാതക പ്രയോഗവും ജിഞ്ചര്‍ ബോംബാക്രമണം എന്നിവ നടത്തി കീഴടങ്ങുന്നതിന് നിര്‍ദ്ദേശം നല്‍കിയെങ്കിലും ഇയാള്‍ അതിന് തയ്യാറായിരുന്നില്ല.കീഴടങ്ങാനുള്ള ആവശ്യം ഭീകരര്‍ നിരസിച്ചതിനെ തുടര്‍ന്നാണ് രാത്രി വൈകി ഏറ്റുമുട്ടല്‍ ശക്തമാക്കിയത്.ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമായതിനാല്‍ ഏറെ കരുതലോടെയാണ് ഭീകരവിരുദ്ധസേനയുടെ നീക്കം. സേന പ്രദേശം വളയുകയും ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു.

© 2024 Live Kerala News. All Rights Reserved.