ശ്രീലങ്കന്‍ നാവികസേനയുടെ വെടിയേറ്റ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളി മരിച്ചു; വെടിവെച്ചത് അതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച്

രാമേശ്വരം: രാമേശ്വരത്ത് മത്സ്യബന്ധനത്തിനു പോയ മത്സ്യത്തൊഴിലാളികളുടെ ബോട്ടിന് നേരെ ശ്രീലങ്കന്‍ സേന നടത്തിയ വെടിവെയ്പ്പില്‍ ഒരാള്‍ മരിച്ചു. തങ്കച്ചിമഠം സ്വദേശി ബ്രിസ്‌റ്റോ (21) യാണ് വെടിയേറ്റ് മരിച്ചത്്.ആറ് തൊഴിലാളികള്‍ ഉള്‍പ്പെട്ട മത്സ്യബന്ധന ബോട്ട് കടല്‍ അതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ചായിരുന്നു വെടിവെച്ചത്. തിങ്കളാഴ്ച രാമേശ്വരം മത്സ്യബന്ധന തുറമുഖത്ത് നിന്ന് 400 മീന്‍പിടിത്ത വള്ളങ്ങളാണ് മത്സ്യബന്ധനത്തിനായി പോയത്.ഇവയ്‌ക്കൊപ്പമാണ് ബ്രിസ്റ്റോയുടെ വള്ളവും ഉണ്ടായിരുന്നത്.തിങ്കളാഴ്ച രാത്രിയില്‍ മത്സ്യബന്ധനത്തിന് പോയവര്‍ക്ക് നേരെ രാത്രി പത്തരയോടെ ആയിരുന്നു വെടിവെയ്പ്പ് ഉണ്ടായത്. സംഭവത്തില്‍ പരിക്കേറ്റ സരണ്‍ (37) എന്നയാളെ പരിക്കുകളോടെ രാമനാഥപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ കൈയ്ക്കാണ് പരിക്കേറ്റത്. പക്ഷേ അത് വെടി കൊണ്ടുള്ള പരിക്കല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.വെടിവെയ്പ്പ് തുടങ്ങിയപ്പോള്‍ തന്നെ തൊഴിലാളികള്‍ തങ്ങളുടെ നേതാവ് സീസു രാജയെ വിളിച്ച് ഇന്ത്യന്‍ തീരദേശ സേനയെ വിവരം അറിയിക്കാന്‍ കഴിയുമോയെന്ന് ചോദിച്ചു. എന്നാല്‍ തീരദേശ സേനയ്ക്ക് ഉടനടി എത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് തൊഴിലാളികള്‍ ബോട്ട് തിരിച്ചു തുഴഞ്ഞ് കരയിലെത്തി. ബ്രിസ്‌റ്റോയുടെ മൃതദേഹം ഗവണ്‍മെന്റ് ഹോസ്പിറ്റലിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. കഴുത്തിനായിരുന്നു വെടിയേറ്റത്. രക്തം വാര്‍ന്നായിരുന്നു മരണം സംഭവിച്ചതെന്ന് കൂട്ടത്തില്‍ ഉണ്ടായിരുന്നവര്‍ വ്യക്തമാക്കി. കരയില്‍ എത്തുമ്പോള്‍ തന്നെ ഇയാള്‍ കുഴഞ്ഞു വീണിരുന്നു.സംഭവത്തെ തുടര്‍ന്ന് ഫിഷിംഗ്ജട്ടിയില്‍ മത്സ്യബന്ധന തൊഴിലാളികളുടെ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ലങ്കന്‍ നാവിക സേനയ്‌ക്കെതിരേയും കേന്ദ്ര സര്‍ക്കാരിനെതിരേയും മുദ്രാവാക്യം മുഴക്കിയ പ്രതിഷേധക്കാരില്‍ ചിലര്‍ മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി.അതേസമയം,  വെടിവെപ്പ് നടന്നുവെന്ന വാർത്ത ശ്രീലങ്കൻ നാവികസേന നിഷേധിച്ചു

© 2024 Live Kerala News. All Rights Reserved.