മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഒരാളെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റുന്നതെങ്ങനെ?ടി.പി സെന്‍കുമാറിനെ മാറ്റിയതിനെതിരെ സുപ്രീംകോടതി

ന്യൂഡല്‍ഹി: ടി.പി.സെന്‍കുമാറിനെ പോലീസ് മേധാവിസ്ഥാനത്ത് നിന്ന് മാറ്റിയ എല്‍ഡിഎഫ് സര്‍ക്കാരിന്ററ തീരുമാനത്തിനെതിരെ സുപ്രീംകോടതി. വ്യക്തി താല്‍പര്യങ്ങള്‍ കണക്കിലെടുത്താണ് സെന്‍കുമാറിനെ മാറ്റിയതെന്നും സുപപ്രീംകോടതി പറഞ്ഞു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഒരാളെ ഡി.ജി.പി സ്ഥാനത്ത് നിന്ന് മാറ്റുന്നതെങ്ങനെയെന്ന് സുപ്രീംകോടതി ചോദിച്ചു.ഇങ്ങനെ നടപടിയെടുത്താല്‍ പൊലീസ് ആസ്ഥാനത്ത് ആരും കാണില്ലെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു.
വിഷയത്തില്‍ മാര്‍ച്ച് 27നകം സത്യവാങ്മൂലം നല്‍കാനും സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടു. കേരളത്തിലെ പൊലീസ് മേധാവി സ്ഥാനത്തുനിന്നു തന്നെ മാറ്റിയതു ശരിവച്ച ഹൈക്കോടതി ഉത്തരവു ചോദ്യം ചെയ്ത് ഡിജിപി ടി.പി. സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍. ജസ്റ്റിസ് മദന്‍ ബി. ലൊക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സിപിഎമ്മിന്റെ പകപോക്കലാണ് സര്‍ക്കാരിന്റെ തീരുമാനത്തിനു കാരണമെന്ന് ഹര്‍ജിയില്‍ സെന്‍കുമാര്‍ ആരോപിച്ചിട്ടുണ്ട്. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലും, ഫസല്‍ വധക്കേസിലും എടുത്ത നടപടികളാണ് തന്നെ മാറ്റുന്നതിലേക്ക് നയിച്ചതെന്ന ഗുരുതര ആരോപണമാണ് സെന്‍കുമാര്‍ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.