34 യുഎപിഎ കേസുകള്‍ പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനം; പരിശോധിക്കുന്നത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് കീഴില്‍ ചുമത്തപ്പെട്ടതുള്‍പ്പെടെ ; ഡിജിപി നല്‍കിയ പട്ടികയ്ക്ക് മുഖ്യമന്ത്രിയുടെ അംഗീകാരം

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് കീഴില്‍ ചുമത്തപ്പെട്ടതുള്‍പ്പെടെ 34 യു.എ.പി.എ കേസുകള്‍ പുന:പരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനം.ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലാത്ത അന്വേഷണം പുരോഗമിക്കുന്ന കേസുകളായിരിക്കും പുഃനപരിശോധിക്കുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാലത്ത് ചുമത്തപ്പെട്ട 25 കേസുകള്‍ ഉള്‍പ്പെടെയാണ് വീണ്ടും പരിശോധിക്കുക. ഡി.ജി.പി ലോകനാഥ് ബെഹ്‌റ നല്‍കിയ കേസുകളുടെ പട്ടിക സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് യു.എ.പി.എയില്‍ പുനരന്വേഷണം വരുന്നത്. കേസ് ചുമത്തപ്പെട്ട വ്യക്തികള്‍ക്ക് തങ്ങളുടെ ഭാഗം വ്യക്തമാക്കുന്നതിനുള്ള അവസരവും പുന:പരിശോധനയിലുടെ ലഭിക്കും. വകുപ്പ് ചുമത്താന്‍ മതിയായ തെളിവുകള്‍ കേസിലുണ്ടോ എന്നതാകും പ്രധാനമായും അന്വേഷണത്തില്‍ ഉണ്ടാവുക. പാലക്കാട്, എറണാകുളം ജില്ലകളില്‍ നിന്നും രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസുകളാണ് പുനഃപരിശോധിക്കുന്നവയില്‍ അധികവും. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ചുമത്തപ്പെട്ട കോസുകളും പോസ്റ്ററുകള്‍ ഒട്ടിച്ചതിന്റെ പേരില്‍ ചുമത്തപ്പെട്ട കേസുകളും ഇവയില്‍ ഉള്‍പ്പെടുന്നുണ്ട്.മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എ ചുമത്തുന്ന നടപടി വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അധികാരത്തിലെത്തുന്നതിനു മുമ്പും യു.എ.പി.എക്കെതിരായ നിലപാടുകള്‍ സ്വീകരിച്ച ഇടത് സര്‍ക്കാരിന്റെ കാലത്ത് ചുമത്തപ്പെട്ട യു.എ.പി.എ കേസുകള്‍ക്കെതിരെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയുള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ കേസുകള്‍ പുന:പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നതാണ്.

© 2024 Live Kerala News. All Rights Reserved.