എന്തായാലും കലക്ടര്‍ ബ്രോ വേണ്ട; ആ പേര് പ്രശാന്തിന് മാത്രം കൊടുക്കുക…; ‘ജോസേട്ടാ ‘ യെന്ന് വിളിച്ചോളൂ;നിങ്ങളുടെയൊക്കെ ചങ്കും കൊണ്ടേ ഞാന്‍ പോകൂ; കോഴിക്കോട്ടെ പുതിയ കലക്ടര്‍

കോഴിക്കോട്: പുതിയ കലക്ടര്‍ യു വി ജോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന മുന്‍ കലക്ടര്‍ പ്രശാന്ത് നായരെ മാറ്റി പുതിയ കലക്ടറെ നിയമിച്ചപ്പോള്‍ സോഷ്യല്‍ മീഡിയയിലുയര്‍ന്ന ചില പ്രതികരണങ്ങള്‍ക്ക് മറുപടിയെന്നോണമാണ് യു.വി ജോസിന്റെ പോസ്റ്റ്.കലക്ടര്‍ ബ്രോ എന്ന വിളി തനിക്കു ചേരില്ലെന്ന് കോഴിക്കോട് കലക്ടര്‍ യു.വി ജോസ്. തന്നെ ജോസേട്ടായെന്ന് വിളിച്ചാല്‍ മതിയെന്നും കലക്ടര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. കലക്ടര്‍ ബ്രോയ്ക്ക് പകരം വില്ലന്‍ റോളില്‍ വന്നയാളെപ്പോലെയാണല്ലോ എല്ലാവരും കാണുന്നത് എന്നോര്‍ത്ത് തുടക്കത്തില്‍ അല്പം വിഷമം തോന്നിയെന്ന് അദ്ദേഹം പറയുന്നു.

കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്:

ഹൊ! എന്തൊക്കെ പോസ്റ്റിംങ്ങ് ആയിരുന്നു. ആദ്യം വായിച്ചപ്പോള്‍ ശരിക്കും പേടിച്ചു പോയി. നിങ്ങളുടെ സ്വന്തം ”കലക്ടര്‍ ബ്രോ’ യെ മാറ്റി, പകരം ‘വില്ലന്‍ ” റോളില്‍ വന്നയാളെപ്പോലെയാണല്ലോ എല്ലാവരും കാണുന്നത് എന്നോര്‍ത്ത് അല്പം വിഷമം തോന്നി. എന്നാല്‍ രണ്ടാമതൊരാവര്‍ത്തികൂടി വായിച്ചപ്പോള്‍ ശരിക്കും മനസ്സിലായി, നിങ്ങളിലൊരാള്‍ ഞാനായിരുന്നെങ്കിലും ഇങ്ങനെയൊക്കെയെ പ്രതികരിക്കുമായിരുന്നുവെന്ന്. നിങ്ങള്‍ അത്രമാത്രമാണ് നിങ്ങളോടൊപ്പം എന്റെയും കൂടി പ്രിയപ്പെട്ട പ്രശാന്തിനെ സ്‌നേഹിച്ചിരുന്നതെന്ന്. Noufal പറഞ്ഞത് പോലെ ഇവിടെയുള്ളവരുടെ മനസ്സ് പാകപ്പെടാന്‍ കുറച്ച് സമയമെടുക്കുമെന്ന്… എനിക്കേറ്റവും ഇഷ്ടപ്പെട്ടത് Nousheer ന്റെ പോസ്റ്റാണ്. ‘ നല്ലതാണേല്‍ ചങ്ക് പറിച്ച് കട്ടക്ക്, മറിച്ചാണേല്‍ വലിച്ച് കീറി തേച്ചൊടിക്കും’ ഇതൊരു ഭയങ്കര വെല്ലുവിളി തന്നെ….. എന്തായാലും ഞാന്‍ തോല്‍ക്കാനില്ല…. അല്ലെങ്കിലും ഇത്രയും പേര്‍ കൂടെ നില്‍ക്കുമ്പോള്‍ എങ്ങിനെയാ തോല്‍ക്കാനാവുക. ഞാനീ വെല്ലുവിളി സന്തോഷത്തോടെ സ്വീകരിക്കുന്നു…. ‘എന്നാ ഒന്ന് നോക്കിക്കളയാം…’ പിന്നെ ഒരു കാര്യം Sajith അടക്കം പലരും ചോദിച്ചു ‘കലക്ടര്‍ ബ്രോ’ എന്നു വിളിച്ചോട്ടേയെന്ന്… അത് വേണ്ട…. അത് ശരിയുമല്ല…. ആ പേര് പ്രശാന്തിന് മാത്രം കൊടുക്കുക…. അതിന് പകരം ആരോ പറഞ്ഞത് പോലെ ‘ജോസേട്ടാ ‘… യെന്ന് വിളിച്ചോളൂ… മറ്റെന്തെങ്കിലും നിങ്ങള്‍ക്ക് തോന്നിയാല്‍ അതുമാകാം. എന്തായാലും ബ്രോ വേണ്ട. ഞാനെന്നും കോഴിക്കോട്ടെ സാധാരണക്കാരുടെയൊപ്പമുണ്ടാകും… നൗഷീറെ… നിങ്ങളുടെയൊക്കെ ചങ്കും കൊണ്ടേ ഞാന്‍ പോകൂ…. പിന്നെ മാറ്റിപ്പറയല്ലേ….

© 2024 Live Kerala News. All Rights Reserved.