വിദ്യാര്‍ഥിനികളോട് ലൈംഗിക ചുവയോടെ സംസാരിച്ചു: തൃശൂര്‍ പെരുവല്ലൂര്‍ മദര്‍ കോളജ് പ്രിന്‍സിപ്പലിനെതിരെ കേസ്

തൃശൂര്‍: വിദ്യാര്‍ഥിനികളോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ തൃശൂര്‍ പെരുവല്ലൂര്‍ മദര്‍ കോളേജിലെ ആക്ടിംഗ് പ്രിന്‍സിപ്പല്‍ മുഹമ്മദ് സലീമിനെതിരെ പൊലീസ് കേസെടുത്തു. സലീമിനെതിരെ ഗുരുതര ആരോപണങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്നത്. പ്രിന്‍സിപ്പല്‍ അപമര്യാദയായി പെരുമാറുന്നുവെന്നതാണു വിദ്യാര്‍ഥികള്‍ പ്രധാനമായും ഉന്നയിക്കുന്ന ആരോപണം. കഴിഞ്ഞ ദിവസവും മുറിയിലേക്കു വിളിച്ചുവരുത്തി ആക്ഷേപിച്ചെന്നു വിദ്യാര്‍ഥിനികള്‍ പൊലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടികള്‍ കഴിയുന്ന മുറിയില്‍നിന്ന് രാത്രി അപശബ്ദങ്ങള്‍ കേള്‍ക്കുന്നു, ശുചിമുറികളില്‍ ലൈറ്റ് കാണുന്നു തുടങ്ങിയ ആരോപണങ്ങളും തികച്ചും സ്വകാര്യമായ ചോദ്യങ്ങളുമാണ് പ്രിന്‍സിപ്പലായ മുഹമ്മദ് സലീം ചോദിക്കുന്നതെന്ന് വിദ്യാര്‍ഥിനികള്‍ പറയുന്നു. അതിനിടെ, കോളജില്‍ പീഡനം നടക്കുന്നുവെന്ന് ആരോപിച്ച് വിദ്യാര്‍ഥികള്‍ അനിശ്ചിതകാലം സമരം തുടങ്ങി. ഒരു തവണ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ അയ്യായിരം രൂപയാണ് പിഴയായി ഈടാക്കുന്നത്. ഗ്രീന്റൂമിലടക്കം സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും പരാതിയില്‍ കുട്ടികള്‍ പറഞ്ഞു. നാനൂറ് വിദ്യാര്‍ഥികള്‍ മാത്രം പഠിക്കുന്ന കോളജില്‍ നൂറിലേറെ കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍, വിദ്യാര്‍ഥികളുടെ ആരോപണങ്ങള്‍ കോളജ് നിഷേധിച്ചു. പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥികളുമായി സംസാരിക്കുമ്പോള്‍ നാലു സീനിയര്‍ അധ്യാപികമാര്‍ ഒപ്പമുണ്ടായിരുന്നുവെന്ന് വൈസ് പ്രിന്‍സിപ്പല്‍ സി.ജി.മിനി പറഞ്ഞു. വിദ്യാര്‍ഥിനികളോട് അദ്ദേഹം മോശമായുള്ള ഒരുവാക്കുപോലും പറഞ്ഞിട്ടില്ല. ഒറ്റയ്‌ക്കൊരു വിദ്യാര്‍ഥിയെയും വിളിച്ചു സംസാരിച്ചിട്ടില്ലെന്നും വൈസ് പ്രിന്‍സിപ്പല്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.