ഇടക്കാല തിരഞ്ഞെടുപ്പിനൊരുങ്ങാന്‍ പ്രവര്‍ത്തകര്‍ക്ക് സ്റ്റാലിന്റെ ആഹ്വാനം; കൂവത്തൂരിലെ റിസോര്‍ട്ടില്‍ പൊലീസും എംഎല്‍എമാരും തമ്മില്‍ ചര്‍ച്ച

ചെന്നൈ: എഐഎഡിഎംകെയില്‍ നടക്കുന്ന അധികാര തര്‍ക്കത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഇടക്കാല തിരഞ്ഞെടുപ്പുണ്ടായേക്കുമെന്ന് ഡി.എം.കെ ആഹ്വാനം. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അയച്ച കത്തിലാണ് എം.കെ സ്റ്റാലിന്റെ ആഹ്വാനം. ഗവര്‍ണറുടെ തീരുമാനം ഇടക്കാല തിരഞ്ഞെടുപ്പിലേക്ക് നയിക്കുമെന്ന് സ്റ്റാലിന്‍ പറയുന്നു. ശശികല ക്യാമ്പ് തെരഞ്ഞെടുത്ത നിയമസഭ കക്ഷി നേതാവ് എടപ്പാടി പളനിസാമിയും കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വവും ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം തേടിയതോടെയാണ് ഇടക്കാല തെരഞ്ഞെടുപ്പ് സാധ്യതകള്‍ ഡിഎംകെ മുന്നില്‍ കാണുന്നത്. അതേസമയം കൂവത്തൂരിലെ റിസോര്‍ട്ടില്‍ ശശികല പക്ഷത്തിനൊപ്പം നില്‍ക്കുന്ന എം.എല്‍.എമാരുമായി പോലീസ് ചര്‍ച്ച ആരംഭിച്ചു. റിസോര്‍ട്ടില്‍ നിന്ന് ഇവരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച. നേരത്തെ റിസോര്‍ട്ടിലേക്കുള്ള വൈദ്യുതി ബന്ധം പോലീസ് വിച്ഛേദിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ പളനിസാമിയെ ക്ഷണിക്കാതെ കൂത്തൂരിലെ റിസോര്‍ട്ടില്‍നിന്ന് പുറത്തിറങ്ങില്ലെന്ന നിലപാടിലാണ് എം.എല്‍.എ.മാരെന്നാണ് സൂചന.തമിഴ്‌നാട്ടില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവിനുമേല്‍ സമ്മര്‍ദമേറിയിരിക്കുകയാണ്.
അണ്ണാ ഡി.എം.കെ നിയമസഭകക്ഷി നേതാവ് എടപ്പാടി പളനിസാമിയും കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വവും ഇന്നലെ വീണ്ടും രാജ്ഭവനിലെത്തി അവകാശവാദം ഉന്നയിച്ചിരുന്നു.124 പേരുടെ പിന്തുണയുണ്ടെന്ന അവകാശവാദം പളനിസാമി ആവര്‍ത്തിച്ചു. എന്നാല്‍, എംഎല്‍മാരുടെ എണ്ണത്തിലെ നിജസ്ഥിതി ഗവര്‍ണറെ ബോധ്യപ്പെടുത്താന്‍ ഇരുപക്ഷത്തിനും കഴിഞ്ഞിട്ടില്ല.സര്‍ക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കേണ്ടത് സഭാതലത്തില്‍ തന്നെ വേണമെന്നാണ് ഗവര്‍ണര്‍ക്ക് കിട്ടിയ നിയമോപദേശം. മുഖ്യമന്ത്രി നിയമനത്തിന് അവകാശ വാദമുന്നയിച്ച പനീര്‍സെല്‍വത്തെയും പളനിസാമിയെയും നിയമസഭയില്‍ വിശ്വാസ വോട്ട് തേടാന്‍ ഗവര്‍ണര്‍ ആവശ്യപ്പെടുമെന്നാണ് കരുതുന്നത്.

© 2024 Live Kerala News. All Rights Reserved.