ലോ അക്കാദമിയില്‍ ക്ലാസ് തുടങ്ങിയാല്‍ നേരിടും;സമരഭൂമിയെ സര്‍ക്കാര്‍ കലാപ ഭൂമിയാക്കരുത്; സമരങ്ങളെ ഒറ്റുകൊടുത്ത പാരമ്പര്യമാണ് എസ്എഫ്‌ഐക്കുള്ളതെന്നും കെ. മുരളീധരന്‍

തിരുവനന്തപുരം: വിദ്യാര്‍ഥി സമരം തുടരുന്ന ലോ അക്കാദമിയില്‍ തിങ്കളാഴ്ച ക്ലാസ് തുടങ്ങിയാല്‍ നേരിടുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. സമരഭൂമിയെ സര്‍ക്കാര്‍ കലാപ ഭൂമിയാക്കരുത്. സമരങ്ങളെ ഒറ്റുകൊടുത്ത പാരമ്പര്യമാണ് എസ്.എഫ്.ഐക്കുള്ളതെന്നും മുരളി ആരോപിച്ചു. നടരാജപിള്ളയെ അറിയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അപലപനീയമാണ്. ആദരണീയനായ രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. എ.കെ.ജി സെന്ററില്‍ അങ്ങനെ വല്ല പുസ്?തകവുമുണ്ടെങ്കില്‍ മുഖ്യമന്ത്രി അതെടുത്ത് വായിക്കണമെന്നും മുരളീധരന്‍ പരിഹസിച്ചു.അതേസമയം, സമരം 26ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ബി.ജെ.പി നേതാവ് വി.വി. രാജേഷും നിരാഹാരമിരിക്കുന്നുണ്ട്. വിദ്യാര്‍ഥി സമരം പരിഹരിക്കാന്‍ കഴിഞ്ഞ ദിവസം വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് വിളിച്ച രണ്ടാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു.പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ അഞ്ച് വര്‍ഷത്തേക്ക് മാറ്റിനിര്‍ത്താനുള്ള മാനേജ്‌മെന്റ് നിലപാട് അംഗീകരിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചപ്പോള്‍ രാജിയില്‍ കുറഞ്ഞുള്ള ഒത്തുതീര്‍പ്പിനില്ലെന്ന് സമരക്കാര്‍ വ്യക്തമാക്കിയിരുന്നു. ചര്‍ച്ച വഴിമുട്ടിയതോടെ സമരം പിന്‍വലിച്ച് തിങ്കളാഴ്ച ക്ലാസ് തുടങ്ങാനുള്ള സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ക്ഷുഭിതനായി ചര്‍ച്ച അവസാനിപ്പിച്ച് ഇറങ്ങിപ്പോയി. ഇതോടെ സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് സമരസമിതി പ്രഖ്യാപിക്കുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.