തിരുവനന്തപുരം: ലോ അക്കാദമി ഭൂമി പ്രശ്‌നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തള്ളി റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍. ഭൂമി വിഷയവുമായി ബന്ധപ്പെട്ട അന്വേഷണം തുടരും. റിപ്പോര്‍ട്ട് കിട്ടിയതിനുശേഷം നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.ഭൂമിവിഷയത്തില്‍ സര്‍ക്കാര്‍ ഒരു അന്വേഷണവും നടത്തില്ലെന്നാണല്ലോ പറഞ്ഞത് എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മുഖ്യമന്ത്രി അങ്ങനെ പറയുമെന്ന് കരുതുന്നില്ലെന്നും അന്വേഷണം നടന്നുകൊണ്ടിരിക്കുയാണെന്നും ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ പറഞ്ഞു എന്ന് പറഞ്ഞ് നിങ്ങള്‍ ഇത് ഒരു വിവാദമാക്കേണ്ടതില്ല. മുഖ്യമന്ത്രി പറഞ്ഞത് ഞാന്‍ കേട്ടിട്ടില്ല. നിങ്ങള്‍ പറഞ്ഞകാര്യം ഞാന്‍ മുഖവിലെക്കെടുകയാണ്. ലോ അക്കാദമിയുടെ ഭൂമി വിവാദത്തില്‍ റവന്യൂവകുപ്പ് ഇപ്പോള്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. റെവന്യൂ വകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ ആലോചിക്കുമെന്നും ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. ലോ അക്കാദമിയിലെ ഭൂമി ഏറ്റെടുക്കണമെന്ന വി.എസിന്റെ കത്ത് ഒരു ആവശ്യം മാത്രമാണെന്നും ഭൂമി ഒരിക്കലും സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്നും പിണറായി പറഞ്ഞിരുന്നു. ഈ സര്‍ക്കാരോ മുന്‍ സര്‍ക്കാരോ കണ്ടുകെട്ടിയ ഭൂമിയല്ലിത്. സി.പി.രാമസ്വാമി അയ്യര്‍ കണ്ടുകെട്ടിയ ഭൂമിയാണ്. ഇതു സംബന്ധിച്ചു തല്‍ക്കാലം പരിശോധന നടത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്നുമാണ് പിണറായി പറഞ്ഞിരുന്നത്.