ശശികല മുഖ്യമന്ത്രിയാകുമെന്ന് സൂചന;നാളെ എംഎല്‍എമാരുടെ യോഗം;സത്യപ്രതിജ്ഞ അടുത്ത ആഴ്ച

ചെന്നൈ: അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറിയായ ശശികല നടരാജന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ട്.ഇതിനുള്ള നീക്കങ്ങള്‍ ശശികല ആരംഭിച്ചു കഴിഞ്ഞതായി അണ്ണാ ഡിഎംകെ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.ഇതിനു മുന്നോടിയായി അണ്ണാ ഡിഎംകെ എംഎല്‍എമാരുടെ യോഗം വിളിച്ചു. എല്ലാ എംഎല്‍എമാരും യോഗത്തില്‍ പങ്കെടുക്കണമെന്നാണ് നിര്‍ദേശം. ഏഴിനോ എട്ടിനോ ശശികല സത്യപ്രതിജ്ഞ ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്. ശശികല മുഖ്യമന്ത്രി സ്ഥാനവും ഏറ്റെടുക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമായിരുന്നു. മന്ത്രിമാരടക്കമുള്ളവര്‍ ഈ ആവശ്യം ഉന്നയിച്ചു. പിന്നാലെ, ലോക്‌സഭാ ഡപ്യൂട്ടി സ്പീക്കറും അണ്ണാ ഡിഎംകെ പ്രചാരണവിഭാഗം സെക്രട്ടറിയുമായ എം. തമ്പിദുരൈയും ഇതേ ആവശ്യമുന്നയിച്ച് പ്രസ്താവനയിറക്കി.
അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തയും സര്‍ക്കാര്‍ ഉപദേഷ്ടാവുമായിരുന്ന മലയാളി ഐഎഎസ് ഉദ്യോഗസ്ഥ ഷീല ബാലകൃഷ്ണന്‍ സ്ഥാനമൊഴിഞ്ഞു. ജയലളിതയുടെ തോഴിയായിരുന്നു ശശികലയുടെ അധികാരം പിടിച്ചെടുക്കലാണ് ഷീല ബാലകൃഷ്ണന്റെ പെട്ടെന്നുള്ള രാജിക്ക് കാരണമെന്നാണ് സൂചന.ശശികല മുഖ്യമന്ത്രിയുടെ പദവികൂടി വഹിക്കണമെന്ന ആവശ്യം നേരത്തേ ഉയര്‍ന്നിരുന്നെങ്കിലും പാര്‍ട്ടിനേതൃത്വം ഏറ്റെടുത്തതിനു പിന്നാലെയാണു ശക്തി പ്രാപിച്ചത്. ശശികല മുഖ്യമന്ത്രിയാകാന്‍ തയാറായാല്‍ പനീര്‍ സെല്‍വം സ്ഥാനമൊഴിയുമെന്നതില്‍ രണ്ടു പക്ഷമില്ല. പ്രബലമായ തേവര്‍ വിഭാഗക്കാരാണ് ഇരുവരും. അതുകൊണ്ടുതന്നെ സാമുദായിക വികാരങ്ങളും എതിരാകില്ലെന്നു ചുരുക്കം.

© 2024 Live Kerala News. All Rights Reserved.