വാഷിങ്ടണ്‍: ഏഴ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവരെ വിലക്കിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് സിയാറ്റില്‍ കോടതി താത്കാലികമായി തടഞ്ഞു. ഉത്തരവിനെ ചോദ്യംചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം ഫെഡറല്‍ ജഡ്ജ് ജെയിംസ് റോബര്‍ട്ട് തള്ളി.ട്രംപിന്റെ ഉത്തരവ് നേരത്തെതന്നെ അമേരിക്കയിലെ പല കോടതികളും സ്റ്റേ ചെയ്തിരുന്നു. എന്നാല്‍, രാജ്യവ്യാപകമായി ഉത്തരവ് തടയുന്നത് ആദ്യമായാണ്. വെര്‍ജീനിയ, ന്യൂയോര്‍ക്ക്, മസാച്യുസെറ്റ്‌സ്, മിഷിഗണ്‍ കോടതികള്‍ ട്രംപിന്റെ ഉത്തരവ് ചോദ്യംചെയ്യുന്ന ഹര്‍ജികള്‍ പരിഗണിക്കുന്നുണ്ട്.സിറിയ, ഇറാന്‍, ഇറാഖ്, ലിബിയ, സൊമാലിയ, സുഡാന്‍, യമന്‍ എന്നീ രാജ്യങ്ങളിലെ കുടിറ്റേക്കാരുടെ പ്രവേശനമായിരുന്നു അമേരിക്കയില്‍ 90 ദിവസത്തേക്ക് നിരോധിച്ചത്. കുടിയേറ്റക്കാരുടെ പ്രവേശനം വിലക്കിയുള്ള ഉത്തരവിനെതിരെ യുഎസില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. 60,000 ത്തോളം പേരുടെ വിസകള്‍ ഉത്തരവിനെത്തുടര്‍ന്ന് റദ്ദാക്കിയെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്.