ലോ അക്കാദമി; വിദ്യാഭ്യാസ മന്ത്രി സമരക്കാരെ ചര്‍ച്ചയ്ക്ക് വിളിക്കണം; തീരുമാനങ്ങളില്‍ വ്യക്തത വേണമെന്നും ബിനോയ് വിശ്വം

തിരുവനന്തപുരം: ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തില്‍ എത്രയും പെട്ടന്ന് അവസാനിപ്പിക്കമെന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം. വിഷയത്തില്‍ എഡിഎം തലത്തിലുള്ള ചര്‍ച്ചയല്ല വേണ്ടതെന്നും വിദ്യാഭ്യാസ മന്ത്രി സമരക്കാരെ ചര്‍ച്ചയ്ക്ക് വിളിക്കണമെന്നും അദ്ദേഹം പറഞ്ഞു.തീരുമാനങ്ങളില്‍ വ്യക്തത വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോ അക്കാദമിസമരപ്പന്തല്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ അടുത്തുവരികയാണ്. രക്ഷാകര്‍ത്താക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആശങ്കയുണ്ട്. അതില്‍ സര്‍ക്കാര്‍ ഇടപെണം. ലോ അക്കാദമിയിലേത് വിദ്യാഭ്യാസ പ്രശ്‌നമാണ്. അതില്‍ വിദ്യാഭ്യാസ മന്ത്രിയാണ് ചര്‍ച്ച നടത്തേണ്ടതെന്നും ബിനോയ് വിശ്വം പറഞ്ഞു. അതേ സമയം ലോ അക്കാദമി വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തര യോഗം ചേരാന്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. ആറാം തിയതിയാണ് യോഗം. നേരത്തെ 10 ാം തിയിതി ചേരാനിരുന്ന യോഗം കോണ്‍ഗ്രസ് അംഗങ്ങളുടെ ആവശ്യത്തെത്തുടര്‍ന്നാണ് ആറാം തിയതി ചേരാന്‍ തീരുമാനിച്ചത്. ഈ യോഗത്തില്‍ ഉപസമിതി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും.ലോ അക്കാദമിയില്‍ എസ്.എഫ്.ഐ. ഒഴികെയുള്ള വിദ്യാര്‍ഥിസംഘടനകള്‍ സമരത്തില്‍ ഉറച്ചുനില്‍ക്കുന്ന പശ്ചാത്തലത്തില്‍, ലോ അക്കാദമി ഡയറക്ടര്‍ എന്‍.നാരായണന്‍ നായരും മകള്‍ ലക്ഷ്മി നായരും കഴിഞ്ഞ ദിവസം സി.പി.ഐ. സംസ്ഥാന നേതാക്കളെ കണ്ടിരുന്നു.സമര രംഗത്തു നിന്നും സിപിഐ സംഘടനയായ എ.ഐ.എസ്.എഫിനോട് പിന്മാറാന്‍ ലക്ഷ്മി നായര്‍ കാനം രാജേന്ദ്രനോട് ആവശ്യപ്പെട്ടു. എന്നാല്‍ ചര്‍ച്ച നടത്തേണ്ടത് തന്നോടല്ല കുട്ടികളോടാണ് എന്നായിരുന്നു കാനത്തിന്റെ മറുപടി.

© 2024 Live Kerala News. All Rights Reserved.