തിരുവനന്തപുരം: ലോ അക്കാദമിയുടെ ഭൂമി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു. റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ റവന്യൂസെക്രട്ടറിക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യൂതാനന്ദന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.ലോ അക്കാദമി കൈവശം വച്ചിരിക്കുന്നത് സര്‍ക്കാര്‍ ഭൂമിയാണോ, ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചോ, ഭൂമിയില്‍ ചട്ടലംഘനം നടത്തി നിര്‍മ്മാണ പ്രവര്‍ത്തനം നടന്നിട്ടുണ്ടോ എന്നീ കാര്യങ്ങളായിരിക്കും പരിശോധിക്കുക. ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരം ശക്തമായതോടെയാണ് ഭൂമി പ്രശ്‌നവും ഉയര്‍ന്നുവന്നത്. ഭൂമിയില്‍ പരിശോധന ആവശ്യമില്ലെന്ന നിലപാടിലായിരുന്നു സി.പി.എം നേതൃത്വം. വിദ്യാര്‍ത്ഥികളുടെ ആവശ്യം പ്രിന്‍സിപ്പലിനെ മാറ്റണമെന്നാണെന്നും ഭൂമി പ്രശ്‌നം ഇവിടെ വിഷയമല്ലെന്നുമായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചപ്പോള്‍ പറഞ്ഞിരുന്നത്.ഭൂമിയുടെ ഉടമസ്ഥാവകാശം പരിശോധിക്കണമെന്ന് വി.എസും ബി.ജെ.പി നേതാവ് വി.മുരളീധരനും ആവശ്യപ്പെട്ടുവെങ്കിലും കത്ത് ലഭിച്ചിട്ടില്ലെന്ന് കാണിച്ച് റവന്യുമന്ത്രിയും ഒഴിഞ്ഞുമാറുകയായിരുന്നു. ഇതോടെ വി.എസ് ഇന്നലെ ഔദ്യോഗികമായി കത്ത് നല്‍കുകയും റവന്യൂ വകുപ്പ് അന്വേഷണത്തിന് നിര്‍ബന്ധിതമാകുകയുമായിരുന്നു.