ക്യൂബക്‌സിറ്റി: കാനഡയിലെ ക്യൂബക് സിറ്റിയില്‍ മുസ്ലീം പള്ളിയിലുണ്ടായ വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.പള്ളിയില്‍ പ്രാര്‍ഥന നടക്കുന്ന സമയത്ത് തോക്കുധാരികളായ മൂന്ന് പേര്‍ ഉള്ളില്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഞായറാഴ്ച രാത്രിയോടെ സെയിന്റ് ഫോയി സ്ട്രീറ്റിലെ ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററിലായിരുന്നു സംഭവം. സംഭവം നടക്കുമ്പോള്‍ എകദേശം 40 പേര്‍ പള്ളിയിലുണ്ടായിരുന്നു. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും സംഭവം പ്രാകൃതമായ ഒന്നാണെന്നും പള്ളിയുടെ പ്രസിഡന്റ് മുഹമ്മദ് യാംഗി പ്രതികരിച്ചു. ആക്രമണം നടക്കുമ്പോള്‍ മുഹമ്മദ് യാംഗി പള്ളിയില്‍ ഉണ്ടായിരുന്നില്ല. എത്ര പേര്‍ക്ക് പരിക്ക് പറ്റിയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലീം വിരുദ്ധ വികാരം ക്യൂബക്കില്‍ വര്‍ധിച്ചുവരുന്നതായി അടുത്തിടെ നടന്ന സംഭവങ്ങള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ജൂണില്‍ റമദാന്‍ മാസത്തില്‍ പന്നിയുടെ തല ഇതേ പള്ളിയുടെ കവാടത്തില്‍ അജ്ഞാതതര്‍ കൊണ്ടുവെച്ചിരുന്നു.