പുണെ ഇന്‍ഫോസിസ് ഓഫിസിനുള്ളില്‍ മലയാളി യുവതി കൊല്ലപ്പെട്ട നിലയില്‍;സുരക്ഷാ ജീവനക്കാരന്‍ കസ്റ്റഡിയില്‍

മുംബൈ: പുണെ ഇന്‍ഫോസിസ് ഓഫിസിനുള്ളില്‍ മലയാളി യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ കെ. രസീല രാജുവാണ് (25) ക്യാമ്പസിനുള്ളില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ അസാം സ്വദേശിയായ സുരക്ഷാ ജീവനക്കാരന്‍ ബാബെന്‍ സൈക്യയെ (26) പൊലീസ് കസ്റ്റഡിയിലെടുത്തു. പുണെയിലെ ഹിന്‍ജാവാദിയിലെ രാജീവ് ഗാന്ധി ഇന്‍ഫോടെക്ക് പാര്‍ക്കിലെ ഓഫിസിലാണു യുവതി കൊല്ലപ്പെട്ടത്. കഴുത്തില്‍ കംപ്യൂട്ടര്‍ വയര്‍ മുറുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് കൊലപാതകം നടന്നത്. എട്ടു മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. യുവതി മാത്രമായിരുന്നു ഓഫിസിലുണ്ടായിരുന്നത്. ബെംഗളൂരുവിലുള്ള മറ്റ് സഹപ്രവര്‍ത്തകരുമായി ഓണ്‍ലൈന്‍വഴി ബന്ധപ്പെട്ടാണ് ജോലി ചെയ്തത്. പിന്നീട് മാനേജര്‍ യുവതിയെ പല തവണ ഫോണില്‍ വിളിച്ചിട്ടു കിട്ടിയില്ല. പിന്നീട് സെക്യൂരിറ്റി ഉദ്യോഗസ്ഥരെ വിളിച്ചപ്പോള്‍ രസീല ഓഫീസിനുള്ളില്‍ തന്നെയുണ്ടെന്ന് അറിയിക്കുകയായിരുന്നു. ഇവര്‍ നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ബാബന്‍ സൈക്യയെ ഇന്ന് രാവിലെയാണ് പൊലീസ് പിടികൂടിയത്.കൊലപാതകം നടന്ന സമയത്ത് ബാബെന്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇയാള്‍ ഓഫിസിനുള്ളില്‍ കടന്നതിനു തെളിവു ലഭിച്ചിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.