സഞ്ജയ് ലീല ബന്‍സാലിക്ക് മര്‍ദനം; പ്രക്ഷോഭകര്‍ ഷൂട്ടിങ് സെറ്റ് അടിച്ചുതകര്‍ത്തു; അക്രമണം പത്മാവതി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ; വീഡിയോ കാണാം;വ്യാപക പ്രതിഷേധം

രജ്പൂര്‍:ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയെ ഒരു സംഘം ആളുകള്‍ ആക്രമിച്ചു. പുതിയ ചിത്രമായ പത്മാവതിയുടെ ലൊക്കേഷനില്‍ വെച്ചാണ് ആക്രമണമുണ്ടായത്. ജയ്പൂരില്‍ വച്ച് ചിത്രീകരണം നടക്കുന്നതിനിടെയാണ് മര്‍ദ്ദനം.രജ്പുത് കര്‍ണി സേനയിലെ അംഗങ്ങളാണ് ബന്‍സാലിയെ മര്‍ദ്ദിച്ചത്. രജപുത് റാണിയായ പത്മാവതിയെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചാണ് ആക്രമിച്ചത്. ലൊക്കേഷനിലെത്തിയ പ്രക്ഷോഭകര്‍ ചിത്രീകരണം തടസ്സപ്പെടുത്തുകയും ഷൂട്ടിങ് ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.

 

ചക്രവർത്തിയായ അലാവുദീൻ ഖിൽജിക്ക് കീഴടങ്ങാൻ തയ്യാറാകാതിരുന്ന റാണി പത്മിനിയെക്കുറിച്ചാണ് പത്മാവതി എന്ന സിനിമ കൈകാര്യം ചെയ്യുന്നത്. തന്‍റെ സൈന്യത്തോടൊപ്പം ചക്രവർത്തിക്കെതിരെ പോരാടിയ റാണി പത്മിനിയുടെ കഥ പ്രസിദ്ധമാണ്. ചക്രവർത്തി ചിറ്റോർഗഡ് കോട്ടയിലേക്ക് ഇരച്ചുകയറുന്നതിന് തൊട്ടുമുൻപ് മറ്റ് സ്ത്രീകളോടൊപ്പം റാണിയും സ്വയം മരിക്കുകയായിരുന്നു. ദീപിക പദുക്കോണും രൺവീർ സിങ്ങുമാണ് റാണി പത്മിനിയുടേയും അലാവുദീൻ ഖിൽജിയുടേയും വേഷങ്ങൾ അഭിനയിക്കുന്നത്. റാണിയും ഖിൽജിയും തമ്മിലുള്ള പ്രണയമാണ് സഞ്ജയ് ലീലാ ബൻസാലിയുടെ സിനിമ കൈകാര്യം ചെയ്യുന്നതെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. അത്തരം രംഗങ്ങൾ സിനിമയിൽ നിന്ന് നീക്കം ചെയ്യണമെന്ന് രജ്പുത് കർണി സേന ആവശ്യപ്പെട്ടുവെന്നാണ് സൂചന.. ചരിത്രം വളച്ചൊടിക്കുന്നതിനെതിരെയാണ് ഞങ്ങളുടെ പ്രതിഷേധമെന്ന് സേനയുടെ നേതാവ് നാരായണ്‍ സിങ് വ്യക്തമാക്കി.അതേസമയം, ബോളിവുഡ് ഒന്നടങ്കം ബൻസാലിക്കു പിന്തുണ അറിയിച്ച് രംഗത്തെത്തി.കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.

© 2024 Live Kerala News. All Rights Reserved.