ന്യൂഡല്‍ഹി:റിപ്പബ്ലിക്ക് ദിനാഘോഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോഡി വീണ്ടും പ്രോട്ടോകോള്‍ ലംഘിച്ചു.പരിപാടിക്കിടെ രാജ്പഥിലൂടെ നടന്ന് ജനങ്ങള്‍ക്ക് കൈവീശിയ മോദിയുടെ നടപടി പതിവു ചട്ടങ്ങളുടെ ലംഘനമാണ്. കഴിഞ്ഞവര്‍ഷത്തെ റിപ്പബ്ലിക്ക് ദിനാഘോഷത്തിനിടെയും മോദി ഇതേരീതിയില്‍ പ്രോട്ടോക്കോള്‍ ലംഘനം നടത്തിയിരുന്നു.ആഘോഷപരിപാടികള്‍ വീക്ഷിക്കാനെത്തിയ പൊതുജനങ്ങളെ അഭിവാദ്യം ചെയ്യാനാണ് അദ്ദേഹം രാജ്പഥിലൂടെ കാല്‍നടയായി സഞ്ചരിച്ചത്. കഴിഞ്ഞ ദിവസം റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയാകാന്‍ ഇന്ത്യയിലെത്തിയ അബുദാബി കിരീടാവകാശിയും യുഎഇ ഉപ സര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ സ്വീകരിക്കാനും മോദി പ്രോട്ടോക്കോള്‍ മറികടന്നിരുന്നു.ഡല്‍ഹി വിമാനത്താവളത്തില്‍ ചൊവ്വാഴ്ച എത്തിയ സായിദ് അല്‍ നഹ്യാനെയും യുഎഇ സംഘത്തെയും സ്വീകരിക്കാന്‍ പ്രധാനമന്ത്രി നേരിട്ടെത്തുകയായിരുന്നു.പതിവില്‍ നിന്നും വ്യത്യസ്തമായി എന്‍.എസ്.ജി കമാന്‍ഡോകളും ഇത്തവണത്തെ റിപ്പബ്ലിക്ക് ദിനചടങ്ങുകള്‍ക്കിടെ പരേഡ് നടത്തിയിരുന്നു. ലഫ്. ജനറല്‍ മനോജ് മുകുന്ദ് നര്‍വാനെയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരേഡില്‍ പങ്കെടുത്തത്.