ഷില്ലോങ്: ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് മേഘാലയ ഗവര്‍ണര്‍ വി. ഷണ്‍മുഖ നാഥന്‍ രാജിവെച്ചു. 67-കാരനായ ഗവർണർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രാജ്ഭവൻ ജീവനക്കാർ രാഷ്ട്രപതി പ്രണബ് മുഖർജി, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവർക്ക് കത്തയച്ചിരുന്നു.ഇതിന് പിന്നാലെയാണ് രാജി ഉണ്ടായിരിക്കുന്നത്. രാജ്ഭവന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എ.എന്‍.ഐ വാര്‍ത്താ എജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടത്. രാജ്ഭവനെ ഗവര്‍ണര്‍ ലേഡീസ് ക്ലബ്ബാക്കിയെന്നും ഷണ്‍മുഖനെ ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും മാറ്റണമെന്നും രാജ്ഭവന്റെ അന്തസ് വീണ്ടെടുക്കണമെന്നുമാവശ്യപ്പെട്ട് നൂറോളം ജീവനക്കാരാണ് കത്തെഴുതിയിരുന്നത്.ഗവര്‍ണറുടെ നേരിട്ടുള്ള ഉത്തരവില്‍ സ്വകാര്യ കിടപ്പുമുറി വരെ നിരവധി യുവതികളെത്തുന്നതായി പരാതില്‍ വ്യക്തമാക്കിയിരുന്നു.തുടര്‍ന്ന് ഗവര്‍ണറെ നീക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീപക്ഷ സംഘടനകള്‍ ശക്തമായ പ്രചരണം നടത്തിയിരുന്നു. ഗവര്‍ണറുടെ സ്ത്രീകളോടുള്ള പെരുമാറ്റം സംബന്ധിച്ച് മറ്റ് റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. അതേ സമയം പ്രധാനമന്ത്രിയില്‍ നിന്നും അഭ്യന്തരമന്ത്രാലയത്തില്‍ നിന്നുമുള്ള നിര്‍ദേശത്തിന് കാത്തിരിക്കുകയാണെന്ന് മേഖാലയ മുഖ്യമന്ത്രി മുകുള്‍ സാംഗ്മ പറഞ്ഞു.