ഇന്ത്യയോട് ആദരം; ‘ബുര്‍ജ് ഖലീഫ’ ത്രിവര്‍ണമണിഞ്ഞു; ആഹ്ലാദ നിറവില്‍ പ്രവാസി ഇന്ത്യക്കാര്‍;വീഡിയോ കാണാം

ദുബൈ:68ാം റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യക്ക് ആദരമര്‍പ്പിച്ച് ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബൈയിലെ ബുര്‍ജ് ഖലീഫ ഇന്ത്യന്‍ ത്രിവര്‍ണ പതാകയുടെ നിറമണിഞ്ഞു. യുഎഇ സമയം വൈകിട്ട് 6.15നാണ് ബുര്‍ജ് ഖലീഫ ഇന്ത്യന്‍ ദേശീയ പതാകയുടെ നിറമണിഞ്ഞത്. ഇതു കാണാന്‍ മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാരും സ്വദേശികളും ഇതരരാജ്യക്കാരുമെത്തി. കെട്ടിടം വിദൂരത്തുപോലും ദൃശ്യമാകുന്നതിനാല്‍ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ വേഗം കുറച്ച് കാഴ്ച കണ്ടു. ഇന്നു തന്നെ രാത്രി 7.15, 8.15 എന്നീ സമയങ്ങളിലും ബുര്‍ജ് ഖലീഫ ത്രിവര്‍ണമണിയും. ഇന്ത്യന്‍ ദേശീയ പതാകയുടെ നിറം എല്‍ഇഡി വെളിച്ചമുപയോഗിച്ചാണ് ബുര്‍ജ് ഖലീഫയില്‍ പതിപ്പിക്കുന്നത്. ഇതോടൊപ്പം ഡൗണ്‍ടൗണിലെ ദുബൈ ഫൗണ്ടെയിനില്‍ എല്‍ഇഡി ഷോയും അരങ്ങേറും. ഇമാര്‍ പ്രോപ്പര്‍ട്ടീസാണ് പരിപാടിക്കു നേതൃത്വം നല്‍കുന്നത്.അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപ സര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘാഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന വേളയിലാണ് ഇന്ത്യയോട് ആദരവ് കാണിക്കുന്ന യുഎഇ നീക്കമെന്നത് ഇവിടുത്തെ പ്രവാസി ഇന്ത്യക്കാര്‍ക്കും ഏറെ ആഹ്ലാദം പകരുന്നു. മറ്റു രാജ്യങ്ങളുടെ വിശേഷ ദിവസങ്ങളില്‍ ബുര്‍ജ് ഖലീഫ അതാത് രാജ്യത്തിന്റെ ദേശീയ പതാകയുടെ നിറങ്ങളണിയാറുണ്ടെങ്കിലും ഇന്ത്യന്‍ ത്രിവര്‍ണ പതാകയുടെ നിറമണിയുന്നത് ഇതാദ്യമായാണ്.

© 2024 Live Kerala News. All Rights Reserved.