കളിക്കാന്‍ തന്നെ അനുവദിക്കൂവെന്ന് ബിസിസിഐയോട് ശ്രീശാന്തിന്റെ അപേക്ഷ; കോടതി കുറ്റവിമുക്തനാക്കിയിട്ടും അനുവദിക്കാത്തത് ദൗര്‍ഭാഗ്യകരം

മുംബൈ: ക്രിക്കറ്റ് കളിക്കാന്‍ തന്നെ അനുവദിക്കണമെന്ന അപേക്ഷയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. ട്വിറ്ററിലാണ് ശ്രീശാന്തിന്റെ പ്രതികരണം. ഐപിഎല്‍ കോഴക്കേസില്‍ കോടതി കുറ്റവിമുക്തനാക്കിയിട്ടും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) നിലപാടിനെതിരെയാണ് ശ്രീശാന്ത് രംഗത്തെത്തിയത്. കോടതി കുറ്റവിമുക്തനാക്കിയിട്ടും കളിക്കാന്‍ അനുമതി നല്‍കാത്തത് ദൗര്‍ഭാഗ്യകരമാണെന്നു ശ്രീശാന്ത് ട്വിറ്ററില്‍ കുറിച്ചു. ക്രിക്കറ്റ് കളിക്കാനുള്ള അവകാശത്തിനായുള്ള പോരാട്ടം തുടരുമെന്നും ശ്രീശാന്ത്.ക്രിക്കറ്റില്‍നിന്നു വിലക്കിക്കൊണ്ടുള്ള രേഖകള്‍ ഇതുവരെ ബിസിസിഐയില്‍നിന്ന് ലഭിച്ചിട്ടില്ല.തന്നെ കോടതി കുറ്റവിമുക്തനാക്കിയ അന്നുമുതല്‍ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐയെ സമീപിച്ചിട്ടുണ്ട്. ഈ ആവശ്യവുമായി തുടര്‍ച്ചയായി ബിസിസിഐയ്ക്ക് ഇ മെയില്‍ സന്ദേശങ്ങളയച്ചു. എന്നാല്‍ ഒരു മറുപടിയും ഇതുവരെ ലഭിച്ചിട്ടില്ല. കോടതി കുറ്റവിമുക്തനാക്കിയിട്ടുതന്നെ വര്‍ഷങ്ങളായി. എന്നിട്ടും മറുപടിയില്ല. എന്റെ കേരള ക്രിക്കറ്റ് അസോസിയേഷനോ എറണാകുളം ജില്ലാ അസോസിയേഷനോ എന്റെ ക്ലബ് ടീമിനോ എന്നെ ക്രിക്കറ്റ് കളിക്കുന്നതില്‍നിന്നും വിലക്കിക്കൊണ്ടുള്ള കത്ത് ബിസിസിഐയില്‍നിന്ന് ലഭിച്ചിട്ടില്ല. എന്റെ കഴിവിനൊത്ത് ക്രിക്കറ്റ് കളിക്കാനുള്ള അവകാശം മാത്രമാണ് ഞാന്‍ ചോദിക്കുന്നത്. കോടതി നേരിട്ട് കുറ്റവിമുക്തനാക്കിയിട്ടും അതിനുള്ള അനുമതി എനിക്ക് ലഭിക്കുന്നില്ല. ദയവു ചെയ്ത് ക്രിക്കറ്റ് കളിക്കാന്‍ എന്നെ അനുവദിക്കൂ ശ്രീശാന്ത് ട്വീറ്റ് ചെയ്തു.ഞാന്‍ ഒരിടത്തും പോകുന്നില്ല. പൊരുതാന്‍ തന്നെയാണ് എന്റെ തീരുമാനം. എത്ര ചെറുതാണെങ്കിലും കളിക്കാന്‍ എനിക്ക് അവസരം ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. അതിനായി എത്ര വേണമെങ്കിലും കഷ്ടപ്പെടാന്‍ താന്‍ തയാറാണെന്നും ശ്രീശാന്ത് വ്യക്തമാക്കി. എന്നെ ക്രിക്കറ്റ് കളിക്കാന്‍ അനുവദിക്കൂ എന്ന അപേക്ഷയോടെയാണ് ശ്രീശാന്ത് കുറിപ്പ് അവസാനിപ്പിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.