മോദിയെ അമേരിക്കയിലേക്ക് ക്ഷണിച്ച് ട്രംപ്;ഇന്ത്യ- അമേരിക്ക ബന്ധം ഇനിവരും കാലങ്ങളില്‍ ഊഷ്മളമായി തുടരുമെന്നു ട്രംപിന്റെ ഉറപ്പ്

വാഷിങ്ടണ്‍:അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ചര്‍ച്ച നടത്തി. നരേന്ദ്രമോദിയെ അമേരിക്ക സന്ദര്‍ശിക്കാന്‍ ട്രംപ് ക്ഷണിക്കുകയും ചെയ്തുവെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സെന്‍ സ്‌പൈസര്‍ വ്യക്തമാക്കി.ഇന്നലെ ഇരുനേതാക്കളും നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് മോദിയെ അമേരിക്കയിലേക്ക് ക്ഷണിച്ചത്. ലോകം ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ നേരിടുന്നതില്‍ അമേരിക്കയുടെ അടുത്ത സുഹൃത്തും പങ്കാളിയുമാണ് ഇന്ത്യയെന്ന് ട്രംപ് പറഞ്ഞു. സാമ്പത്തികം, പ്രതിരോധം സഹകരണം, സുരക്ഷാ തുടങ്ങിയ വിഷയങ്ങളില്‍ ഇരു നേതാക്കളും ചര്‍ച്ച നടത്തിയതായി വൈറ്റ് ഹൈസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തുവെന്നാണ് വിവരം. ഇന്ത്യ അമേരിക്ക ബന്ധം ഇനിവരും കാലങ്ങളില്‍ ഊഷ്മളമായി തുടരുമെന്നു ട്രംപ് ഉറപ്പു നല്‍കിയതായും വൈറ്റ്ഹൗസ് വൃത്തങ്ങള്‍. ട്രംപിന്റെ ക്ഷണം സ്വീകരിച്ച് ഈ വര്‍ഷം അവസാനത്തോടെ മോദി അമേരിക്ക സന്ദര്‍ശിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രസിഡന്റായി അധികാരം ഏറ്റെടുത്തതിനു ശേഷം ട്രംപ് ഫോണില്‍ സംസാരിക്കുന്ന അഞ്ചാമത്തെ രാഷ്ട്ര തലവനാണ് മോദി.

© 2024 Live Kerala News. All Rights Reserved.