ന്യൂഡല്‍ഹി: രാജ്യത്തെ നോട്ട് പ്രതിസന്ധി ഉടന്‍ പരിഹരിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍. പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്കാണ് പട്ടേല്‍ ഉറപ്പു നല്‍കിയത്. നോട്ട് പ്രതിസന്ധിമൂലം നഗരപദേശങ്ങളിലുണ്ടായ പ്രശ്‌നം പരിഹരിച്ചുവെന്നും ഗ്രാമീണ മേഖലയിലെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ബുധനാഴ്ചയും പാര്‍ലമെന്റ് സമിതിക്കു മുന്നില്‍ ഊര്‍ജിത് പട്ടേല്‍ ഹാജരായിരുന്നു. പിഎസി അംഗങ്ങള്‍ എഴുതിനല്‍കിയ നൂറോളം ചോദ്യങ്ങള്‍ക്ക് രേഖാമൂലം നല്‍കിയ ഉത്തരങ്ങളില്‍ കാര്യമായ വെളിപ്പെടുത്തലുകള്‍ ഇല്ലെന്നറിയുന്നു. റദ്ദാക്കിയ എത്ര നോട്ട് തിരിച്ചെത്തിയെന്നും ബാങ്ക് ഇടപാടുകള്‍ എന്നു പൂര്‍ണ തോതിലാകുമെന്നും കഴിഞ്ഞദിവസം പാര്‍ലമെന്റിന്റെ ധനകാര്യ സമിതിക്കു മുന്നില്‍ ഹാജരായ ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നില്ല.