റിസര്‍വ് ബാങ്കിനെയും ഗവര്‍ണര്‍ എന്ന പദവിയെയും നമ്മള്‍ മാനിക്കണം; ഊര്‍ജിത് പട്ടേലിനെ രക്ഷിച്ചത് മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ തീരുമാനവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് സമിതിയുടെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ ഉത്തരംമുട്ടി നിന്ന റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിനെ രക്ഷിച്ചത് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്. മുന്‍പു റിസര്‍വ് ബാങ്കിന്റെ ഗവര്‍ണര്‍ പദവി വഹിച്ചിട്ടുള്ള സിങ്, റിസര്‍വ് ബാങ്ക് എന്ന സ്ഥാപനത്തെയും ഗവര്‍ണര്‍ എന്ന പദവിയെയും നമ്മള്‍ മാനിക്കണമെന്നു പറഞ്ഞ് ഇടപെടുകയായിരുന്നു. നോട്ടുപിന്‍വലിക്കലിനുള്ള നിയന്ത്രണം പിന്‍വലിക്കുന്നതു സംബന്ധിച്ച് ഊര്‍ജിത് പട്ടേല്‍ കൃത്യമായി മറുപടി നല്‍കണമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവായ ദിഗ്‌വിജയ് സിങ്ങിന്റെ നിലപാട്.മതിയായ കറന്‍സി ഇല്ലാത്തതിനാല്‍ നിയന്ത്രണങ്ങള്‍ ഇല്ലാതാക്കിയാല്‍ അത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നു സമ്മതിച്ച ഊര്‍ജിത് പട്ടേല്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായി ഇല്ലാതാക്കാന്‍ എപ്പോള്‍ കഴിയുമെന്ന കാര്യത്തില്‍ മറുപടി നല്‍കിയില്ല.ഇതോടെ ‘നിങ്ങള്‍ ഇതിന് ഉത്തരം പറഞ്ഞേ തീരൂ’ എന്നു പറഞ്ഞ് ദിഗ്‌വിജയ് സിങ് മുന്നോട്ടുവന്നു. ഇതോടെയാണ് മന്‍മോഹന്‍ സിങ് വിഷയത്തില്‍ ഇടപെട്ടത്. നോട്ടുനിരോധനത്തിനു പിന്നാലെ ആഴ്ചയില്‍ ബാങ്കുവഴി പിന്‍വലിക്കാവുന്ന പരമാവധി തുക 24,000 എന്നും എ.ടി.എം വഴി ദിവസം 2500 എന്നും ആക്കി നിശ്ചയിച്ചിരുന്നു. ഇത്തരമൊരു നിയന്ത്രണം കൊണ്ടുവന്നത് ബാങ്കുകളില്‍ക്കു മുമ്പില്‍ വലിയ ലഹളയുണ്ടാവുന്നത് തടയാന്‍ വേണ്ടിയായിരുന്നു എന്നാണ് ഊര്‍ജിത് പട്ടേല്‍ പറഞ്ഞത്. പല ചോദ്യങ്ങള്‍ക്കും ഊര്‍ജിത് പട്ടേല്‍ ഉത്തരം നല്‍കാതിരുന്നത് പാര്‍ലമെന്റ് പാനലിലെ ചില അംഗങ്ങളെ നിരാശരാക്കിയിട്ടുണ്ടത് എന്നാണ് റിപ്പോര്‍ട്ട്. ഓരോ ചോദ്യത്തിനും ഉത്തരം നല്‍കാന്‍ കൂടുതല്‍ സമയം ചിലവഴിച്ചതിനാല്‍ ചില ചോദ്യങ്ങള്‍ പാനലിന് ചോദിക്കാന്‍ കഴിഞ്ഞില്ലെന്നും ഉറവിടങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നു.അസാധാരണ ചോദ്യങ്ങൾ ഉന്നയിക്കേണ്ടെന്നും റിസർവ് ബാങ്കിന്റെയും ഗവർണറുടെയും മഹത്വം മാനിക്കപ്പെടേണ്ടതുണ്ടെന്നും സിങ് പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.