കോട്ടയം:കേരളത്തിലെ സാംസ്‌കാരിക നായകരെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപിയുടെ രാഷ്ട്രീയ പ്രമേയം. സാംസ്‌കാരിക നായകര്‍ പുരസ്‌കാരങ്ങള്‍ക്ക് മുമ്പില്‍ മനുഷ്യത്വം പണയപ്പെടുത്തുന്നു. ഇവരുടെ നീതിബോധം സാംസ്‌കാരിക കേരളം പരിശോധിക്കണമെന്നും പ്രമേയം ചൂണ്ടിക്കാണിക്കുന്നു. ഇന്ന് ചേരുന്ന സംസ്ഥാന കൗണ്‍സിലില്‍ അവതരിപ്പിക്കാനിരിക്കുന്ന രാഷ്ട്രീയ പ്രമേയത്തിലാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.സംസ്ഥാനത്ത് ദളിതര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ വന്‍തോതില്‍ അതിക്രമങ്ങള്‍ നടക്കുകയാണ്. എന്നാല്‍ പ്രഖ്യാപിത മനുഷ്യാവകാശ പ്രസ്ഥാനങ്ങളും സാംസ്‌കാരിക നേതാക്കളും ഇക്കാര്യത്തില്‍ മൗനം ദീക്ഷിക്കുകയാണ്.എംടിയുടെയും കമലിന്റെയും നിലപാട് രാഷ്ട്രീയമാണെന്നും പ്രമേയത്തില്‍ ആരോപിക്കുന്നു. നോട്ടുനിരോധനത്തിന്റെ പേരില്‍ മോദിയെ വിമര്‍ശിച്ച എം.ടിക്കും ദേശീയഗാനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംഘപരിവാര്‍ ആക്രമണത്തിന് ഇരയായ കമലിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നിരവധി സാംസ്‌കാരിക നായകര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാഷ്ട്രീയ പ്രമേയത്തില്‍ ബിജെപിയുടെ കുറ്റപ്പെടുത്തല്‍.