ഷീനബോറ വധക്കേസ്; ഇന്ദ്രാണി മുഖര്‍ജിക്കും പീറ്റര്‍ മുഖര്‍ജിക്കുമെതിരെ കൊലക്കുറ്റം

ന്യൂഡല്‍ഹി : ഷീനബോറ വധക്കേസ് പ്രതികളായ രണ്ടാനച്ഛന്‍ പീറ്റര്‍ മുഖര്‍ജി അമ്മ ഇന്ദ്രാണി മുഖര്‍ജി എന്നിവര്‍ക്കു മേല്‍ കൊലക്കുറ്റം ചുമത്തി. മുംബൈ പ്രത്യേക കോടതിയുടേതാണ് നടപടി.ഇന്ദ്രാണി മുഖര്‍ജിയുടെ മുന്‍ ഭര്‍ത്താവ് സഞ്ജിവ് ഖന്നയും കേസില്‍ പ്രതിയാണ്. എന്നാല്‍, മൂന്നുപേരും കുറ്റം നിഷേധിച്ചു. കേസ് ഫെബ്രുവരി ഒന്നിന് വീണ്ടും പരിഗണിക്കും. അടുത്ത വാദത്തില്‍ പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കുമെന്നാണ് പ്രോസിക്യൂഷന്‍ അവകാശവാദം. പ്രതികള്‍ക്ക് കുറഞ്ഞത് ജീവപര്യന്തം തടവ് ശിക്ഷയെങ്കിലും ലഭിക്കുമെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നിഗം പറഞ്ഞു.
ഡ്രൈവറുടേയും മുന്‍ഭര്‍ത്താവിന്റെയും സഹായത്തോടെയാണ് ഇന്ദ്രാണി മുഖര്‍ജി മകള്‍ ഷീനയെ കൊലപ്പെടുത്തിയത്. ഇന്ദ്രാണിയുടെ ആദ്യ ബന്ധത്തിലെ മകളായിരുന്നു ഷീന ബോറ. പീറ്റര്‍ മുഖര്‍ജിയുടെ ആദ്യ ബന്ധത്തിലെ മകന്‍ രാഹുലുമായുള്ള അടുപ്പമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇവരുടെ ബന്ധത്തെ മാതാപിതാക്കള്‍ എതിര്‍ത്തിരുന്നു. ഇവര്‍ വിവാഹിതരാവുകയാണെങ്കില്‍ പീറ്റര്‍ മുഖര്‍ജിയുടെ സ്വത്തുക്കള്‍ മക്കളിലേക്ക് പോകുമോയെന്ന ഭയവും കൊലയിലേക്ക് നയിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു. ഇരുപത്തിനാലുകാരിയായ ഷീനബോറ 2012 ഏപ്രില്‍ 24 നാണ് കൊല്ലപ്പെട്ടത്

© 2024 Live Kerala News. All Rights Reserved.