25 വര്‍ഷങ്ങള്‍ക്കു ശേഷമാണ് വിജയരാഘവന്‍ തമിഴില്‍ അഭിനയിക്കുന്നത്. റാംജി റാവു സ്പീക്കിങ്ങിന്റെ തമിഴ് പതിപ്പായ അരങ്ങേട്ര വേളൈ എന്ന സിനിമയില്‍ പ്രഭുവിനൊപ്പമാണ് അന്ന് അഭിനയിച്ചത്. ഇപ്പൊഴിതാ കാല്‍ നൂറ്റാണ്ടിന് ശേഷം വിജയ്‌ക്കൊപ്പം വീണ്ടും തമിഴില്‍. എന്നാല്‍ തമിഴ് ചിത്രമായ ‘ഭൈരവ’യുടെ ലൊക്കേഷനില്‍ അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് വിജയ രാഘവന്‍.മലയാള സിനിമയുടെ ഷൂട്ടിങ് സെറ്റിനേക്കാള്‍ തികച്ചും വ്യത്യസ്തമാണ് തമിഴ് ചിത്രങ്ങളുടെ ലൊക്കേഷന്‍ എന്ന് വിജയരാഘവന്‍ പറയുന്നു.മലയാള സിനിമയിലെ ലൊക്കേഷന്‍ പോലെയെ അല്ല അവിടെ. ഇവിടെ ബ്രേക്ക് സമയത്ത് എല്ലാവരും കൂടിയിരുന്ന് വര്‍ത്തമാനം പറച്ചിലും തമാശയുമൊക്കെയാണ്. എന്നാല്‍ അവിടെ എല്ലാവരും അവരവരുടെ കാരവനിലാണ്. എനിക്കും കിട്ടി ഒരു കാരവന്‍. നമുക്കിതൊന്നും ശീലമല്ലാത്തതു കൊണ്ടാവണം ആകെ ഒരു ശ്വാസം മുട്ടലായിരുന്നു. അഭിനയിക്കുന്നതു പോലെയല്ല മറിച്ച് ഒരു ജോലി ചെയ്യുന്നതു പോലെ തോന്നി. അവിടെ ലൊക്കേഷനില്‍ ഒരു ഫോട്ടോ പോലും എടുക്കാന്‍ ആര്‍ക്കും അനുവാദമില്ല. ഇവിടെയൊക്കെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം നിന്ന് സെല്‍ഫിയൊക്കെ എടുക്കുമ്പോള്‍ അവിടെ അതൊന്നും ആര്‍ക്കും ചിന്തിക്കാന്‍ പോലുമാവില്ല അദ്ദേഹം പറയുന്നു..