കൊല്ലം: സംവിധായകന്‍ കമലിനോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ ആവശ്യപ്പെട്ട് സംഘപരിവാര്‍ നിലപാടിനെതിരെ പ്രതിഷേധവുമായി കവി കുരീപ്പുഴ ശ്രീകുമാര്‍.’പാകിസ്ഥാനിലേക്ക് പോകാന്‍ തനിക്ക് താല്‍പര്യമുണ്ട്. അതിനു വേണ്ടിയുള്ള ടിക്കറ്റിനു ഞാന്‍ കാത്തിരിക്കുകയാണ്. ഖൈബര്‍ ചുരം കാണാനും ലാലാ ലജ്പത്‌റായ് എന്ന നക്ഷത്രം പൊലിഞ്ഞു വീണ സ്ഥലം കാണുന്നതിനും എനിക്കു ആഗ്രഹമുണ്ട്’ കവി പറഞ്ഞു.പ്രധാനമായും ധീരദേശാഭിമാനി ഭഗത് സിങിന്റെ ശവകുടീരം സന്ദര്‍ശിക്കാന്‍ തനിക്ക് താല്‍പര്യമുണ്ടെന്നുള്ള കാര്യവും കുരീപ്പുഴഓര്‍മ്മിപ്പിച്ചു.അതിനാല്‍ സംഘപരിവാര്‍ സംഘടനകല്‍ ടിക്കറ്റ് എടുത്തു തന്ന് തന്റെ ആഗ്രഹം സഫലീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് നേതൃത്വം നല്‍കിയ പലരും പാക്കിസ്ഥാന്‍ പ്രദേശത്ത് ജനിച്ചു വളര്‍ന്നവരാണ്. ദേശസ്‌നേഹം ആരുടേയും സ്വകാര്യ സ്വത്തല്ല. അസഹിഷ്ണുത വര്‍ദ്ധിച്ചിരിക്കുന്നത് മതാന്ഥത ഒന്ന് കൊണ്ടുമാത്രമാണ്. അത് അവസാനിപ്പിക്കണമെന്നും കുരീപ്പുഴ ആവശ്യപ്പെട്ടു.കൊല്ലം ജില്ലയിലെ ഓയൂരില്‍ ആര്‍എസ്എസ് അസഹിഷ്ണുതക്കെതിരെ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് കുരീപ്പുഴ സംഘപരിവാറിനോടു ടിക്കറ്റ് ആവശ്യപ്പെട്ടത്. സംവിധായകന്‍ കമലിനെതിരായ സംഘപരിവാര്‍ നീക്കങ്ങള്‍ക്കെതിരെ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. നല്ല സിനിമയുടെ വക്താക്കാളില്‍ ഒരാളായ കമലിന് പാക്കിസ്ഥാനിലേക്ക് ടിക്കറ്റ് എടുത്തു നല്‍കാന്‍ ബി.ജെ.പിയ്ക്കാരാണ് അധികാരം നല്‍കിയതെന്നായിരുന്നു അടൂരിന്റെ പ്രതികരണം.