കലാമാമാങ്കത്തിന് ഇന്ന് തിരിതെളിയും; കണ്ണൂരില്‍ ഇനി കലയുടെ ഏഴ് സുന്ദര നാളുകള്‍;വൈകിട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കണ്ണൂരില്‍ ഇന്ന് തിരിതെളിയും. രാവിലെ പ്രധാന വേദിയായ നിളയില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെവി മോഹന്‍കുമാര്‍ പതാക ഉയര്‍ത്തും. കേരളത്തനിമയുടെയും കണ്ണൂര്‍ പാരമ്പര്യത്തിന്റെയും മഹത്വമാര്‍ന്ന ദൃശ്യങ്ങളുള്‍ക്കൊള്ളുന്ന സാംസ്‌കാരിക ഘോഷയാത്രക്കുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകിട്ട് നാലിന് അമ്പത്തിയേഴാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് തിരികൊളുത്തും. ഗായിക കെ.എസ്. ചിത്ര മുഖ്യാതിഥിയാകും.232 ഇനങ്ങളില്‍ 12,000 പ്രതിഭകളാണ് മത്സരത്തില്‍ മാറ്റുരക്കുന്നത്.സമാപന സമ്മേളനം 22നു വൈകിട്ട് നാലിനു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് എത്തിയവര്‍ക്കു ഐആര്‍പിസി ഒരുക്കിയതു ജ്വലിക്കുന്ന സ്വീകരണം.മേള നിരീക്ഷിക്കാനത്തെിയ വിജിലന്‍സ് സംഘം വിദ്യാഭ്യാസ അധികൃതരില്‍നിന്ന് വിധികര്‍ത്താക്കളുടെ ഫോണ്‍ നമ്പറുകളും ബയോഡാറ്റയും മറ്റ് രേഖകളും കൈപ്പറ്റി. മറ്റു ജില്ലകളില്‍നിന്നുള്ള ടീമുകളും വിധികര്‍ത്താക്കളും പകുതിയിലേറെ രാത്രിയോടെ എത്തി. പരാതികള്‍ കുറക്കുന്നതിന് ജില്ലകളില്‍ വിധികര്‍ത്താക്കളായവരെയും മൂന്നുവര്‍ഷം തുടര്‍ച്ചയായി നിലനിന്നവരെയും ഒഴിവാക്കി ഭൂരിഭാഗവും പുതുമുഖങ്ങളാണ് കണ്ണൂരിലെത്തിയത്. ബോംബും കത്തിയും നിറം കെടുത്തിയ കണ്ണൂരിന്റെ മനസ്സിലേക്ക് കലാവര്‍ണങ്ങളുടെ വെടിക്കെട്ടുകള്‍ ചാര്‍ത്തുന്ന നിമിഷങ്ങള്‍ക്കായി നാടും നഗരവും എല്ലാം മറന്ന് കൈകോര്‍ക്കുകയായിരുന്നു. ഒരു മാസമായി കണ്ണൂരിന്റെ സിരകളാകെ ത്രസിച്ചുനിന്ന പാരസ്പര്യത്തിന്റെയും ആതിഥ്യമഹിമയുടെയും പ്രൗഢിനിറഞ്ഞ സന്നാഹമാണ് കൗമാരകേരളത്തെ സ്വീകരിക്കാന്‍ ഒരുങ്ങിയത്.

© 2024 Live Kerala News. All Rights Reserved.