കഥാപാത്രങ്ങളുടെ ആവര്‍ത്തനത്തില്‍ മടുപ്പു തോന്നുന്നു: തബു

അതിതീവ്രവമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് തബു. മച്ചിസ്. അസ്തിത്വ, ചാന്ദ്നി ബാർ, മഖ്ബൂൽ, ഹൈദർ തുടങ്ങിയ സിനിമകളെല്ലാം തന്നെ തബുവിന്റെ അഭിനയ മികവിന്റെ ഉദാഹരണങ്ങളാണ്. ജിത്തു ജോസഫ് സംവിധാനം ചെയ്ത് മലയാളത്തിൽ സൂപ്പർഹിറ്റായ ദൃശ്യം എന്ന സിനിമയുടെ ഹിന്ദി റീമേക്കിലാണ് തബു ഒടുവിൽ അഭിനയിച്ചത്. ഐ.ജിയായ മീരാ ദേശ്മുഖിന്റെ വേഷമാണ് തബുവിന്റേത്.

അതേസമയം, വ്യത്യസ്ത വേഷങ്ങൾ ലഭിക്കുന്നില്ലെന്ന പരാതി തബുവിനുണ്ട്. തീവ്രമായ വേഷങ്ങൾ താൻ അനായാസം ചെയ്യുമെന്നതിനാൽ തന്നെ അത്തരം വേഷങ്ങൾ മാത്രമാണ് സംവിധായകർ നൽകുന്നതെന്നും തബു പറയുന്നു.

നടിമാർക്ക് യോജിച്ച വേഷങ്ങൾ ചെയ്യാൻ അവർക്ക് അവകാശമുണ്ട്. എന്നാൽ, എന്നെ വ്യത്യസ്തമായൊരു വേഷത്തിൽ സിനിമയിൽ അവതരിപ്പിക്കാൻ സംവിധായകർ ഒരുക്കമല്ല. ഗൗരവമേറിയ സിനിമ മാത്രം ചെയ്യുന്ന നടിയെന്ന് അറിയപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല- തബു പറഞ്ഞു.

അതേസമയം, ഇതുവരെയുള്ള സിനിമാ കരിയറിൽ താൻ തൃപ്തയാണെന്നും തബു വെളിപ്പെടുത്തി. തന്റെ കരിയറിലെ ഏറ്റവും മികച്ച ഘട്ടം ഏതാണെന്ന് ചോദിച്ചാൽ അത് ഇപ്പോഴത്തെ കാലമാണെന്ന് താൻ സംശയമില്ലാതെ പറയുമെന്നും ഈ നടി കൂട്ടിച്ചേർത്തു

© 2024 Live Kerala News. All Rights Reserved.