മോശം പെരുമാറ്റത്തിന് സഞ്ജു സാംസണ് കെസിഎയുടെ താക്കീത്; അച്ഛന് വിലക്ക്; തെറ്റ് ആവര്‍ത്തിക്കില്ലെന്ന് ഇരുവരും എഴുതി നല്‍കിയെന്ന് കെസിഎ

കൊച്ചി: മോശം പെരുമാറ്റത്തിന്റെ പേരില്‍ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ താക്കീത്. താരം ഇനിമുതല്‍ കെസിഎയുടെ കര്‍ശന നിരീക്ഷണത്തിലായിരിക്കും. സഞ്ജു തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞ് എഴുതിക്കൊടുത്തതായും കെ.സി.എ. പറഞ്ഞു. ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തില്‍ ഇന്ത്യ എ ടീമിനുവേണ്ടി കളിച്ചുകൊണ്ടിരിക്കുകയാണ് സഞ്ജു. ആദ്യ മത്സരത്തില്‍ സഞ്ജുവിന് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല.
സഞ്ജുവിന്റെ അച്ഛനെ കെസിഎ വിലക്കുകയും ചെയ്തു. കോച്ച്, കെസിഎ ഭാരവാഹികള്‍ എന്നിവരുമായി ഇടപഴകാന്‍ പാടില്ല. കളിസ്ഥലം, പരിശീലന വേദി എന്നിവിടങ്ങളില്‍ അനുവാദമില്ലാതെ സാംസണ് പ്രവേശിക്കാനാകില്ല.
സഞ്ജുവും അച്ഛന്‍ സാംസണും തെറ്റുപറ്റിയെന്ന് എഴുതി നല്‍കിയെന്ന് കെസിഎ പറഞ്ഞു. തെറ്റു ഏറ്റുപറഞ്ഞ സാഹചര്യത്തില്‍ താരത്തിനെതിരെ കടുത്ത നടപടി വേണ്ടെന്ന നിലപാടിലായിരുന്നു കെസിഎ നിയോഗിച്ച അന്വേഷണ കമ്മീഷന്‍.രഞ്ജി ട്രോഫി മത്സരത്തിനിടെ സഞ്ജു ഡ്രെസിങ്ങ് റൂമില്‍ അപമര്യാദയായി പെരുമാറുകയും കളിക്കിടെ മൈതാനം വിട്ടുപോകുകയും ചെയ്തത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. നവംബര്‍ പതിനഞ്ചിന് മുംബൈയില്‍ ഗോവയ്‌ക്കെതിരായ കേരളത്തിന്റെ രഞ്ജി ട്രോഫി മത്സരത്തിനിടെ ആയിരുന്നു വിവാദസംഭവം. ഇതിനുശേഷം കെസിഎ പ്രസിഡണ്ടും മുന്‍ ബിസിസിഐ വൈസ് പ്രസിഡണ്ടുമായ ടിസി മാത്യൂവിനോട് സഞ്ജുവിന്റെ പിതാവ് ഫോണില്‍ അപമര്യാദയായി സംസാരിച്ചതും വിവാദമായിരുന്നു.

© 2024 Live Kerala News. All Rights Reserved.