എല്ലാ എടിഎമ്മുകളും സര്‍വീസ് ചാര്‍ജ് ഈടാക്കി തുടങ്ങി;പണം ലഭിച്ചില്ലെങ്കിലും ഇനി 23 രൂപ വീതം നഷ്ടമാകും

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്ബിടി, എസ്ബിഐ അടക്കം എല്ലാ എടിഎമ്മുകളും സര്‍വീസ് ചാര്‍ജ് ഈടാക്കി തുടങ്ങി.മെട്രോ നഗരങ്ങളില്‍ മൂന്നും മറ്റിടങ്ങളില്‍ അഞ്ചും വീതം എടിഎം ഇടപാടുകളാണ് ഓരോ മാസവും സൗജന്യമായി അനുവദിച്ചിട്ടുള്ളത്. അതു കഴിഞ്ഞാല്‍ ഓരോ ഇടപാടിനും 23 രൂപ വീതമാണു സര്‍വീസ് ചാര്‍ജ്. പണമില്ലാത്ത എടിഎമ്മുകളില്‍ പണം പിന്‍വലിക്കാന്‍ ശ്രമിച്ചാലും ഇടപാടായി കണക്കാക്കും.ഡിസംബര്‍ അവസാനം മുതല്‍ തന്നെ എസ്ബിടി, എസ്ബിഐ ഒഴികെയുളള ബാങ്കുകള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കി തുടങ്ങിയിരുന്നു. സംസ്ഥാനത്തെ 31% എടിഎമ്മുകളുളള എസ്ബിടിയും എസ്ബിഐയും കൂടി കഴിഞ്ഞദിവസം ഇത് പുനരാരംഭിച്ചതോടെ ഇടപാടുകാര്‍ ഏറെ ബുദ്ധിമുട്ടുകയാണ്.മെട്രോ നഗരങ്ങളില്ലാത്ത കേരളത്തിലെ 9,020 എടിഎമ്മുകളില്‍ അഞ്ചു തവണ സൗജന്യ ഇടപാടുകള്‍ ആകാം. നോട്ടുക്ഷാമം തുടരുന്നതിനാല്‍ സംസ്ഥാനത്തെ ഭൂരിഭാഗം എടിഎമ്മുകളിലും ഇപ്പോഴും 2,000 രൂപ മാത്രമാണുള്ളത്. രണ്ടായിരത്തില്‍ താഴെയുള്ള നോട്ട് ലഭ്യമാണോ എന്നറിയാന്‍ ഒന്നിലേറെ തവണ ശ്രമിക്കേണ്ടി വരും. ഒരു ദിവസത്തെ പരമാവധി തുകയുടെ പരിധി 4,500 രൂപയും ഒരാഴ്ച 25,000 രൂപയുമായിരിക്കെ ഒരു മാസത്തിനിടെ എടിഎമ്മുകളെ ഒട്ടേറെ തവണ ആശ്രയിക്കാതെ നിവൃത്തിയില്ല. ഇടപാടുകാര്‍ ഇന്നലെ പരാതി പറഞ്ഞപ്പോഴാണു സര്‍വീസ് ചാര്‍ജ് പുനഃസ്ഥാപിച്ച കാര്യം ബാങ്ക് ഉദ്യോഗസ്ഥരും അറിയുന്നത്. അഞ്ചു സൗജന്യ ഇടപാടുകള്‍ കഴിഞ്ഞാല്‍ ഇടപാടുകാര്‍ പണത്തിനായി ബാങ്കുകളില്‍ നേരിട്ടെത്തുമെന്നതിനാല്‍ ശാഖകളില്‍ വീണ്ടും തിരക്കു വര്‍ധിക്കുമെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥര്‍.

© 2024 Live Kerala News. All Rights Reserved.