കമലിന് ഭീകരവാദ സംഘടനകളുമായി ബന്ധം;കമല്‍ രാജ്യം വിട്ടുപോകണമെന്നും എ.എന്‍ രാധാകൃഷ്ണന്‍

കോഴിക്കോട്: സംവിധായകന്‍ കമലിന് ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും ഇവിടെ ജീവിക്കാന്‍ കഴിയില്ലെങ്കില്‍ അദ്ദേഹം രാജ്യം വിട്ടുപോകണമെന്നും ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍. എസ്.ഡി.പി.ഐ പോലുള്ള ഭീകരവാദ  സംഘടനകളുമായി കമലിനു ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ദേശിയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണമോയെന്ന് സംശയമുള്ളയാളാണ് കമല്‍. മോദിയെ വിമര്‍ശിച്ചതാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം ലഭിക്കാനുള്ള അദ്ദേത്തിന്റെ യോഗ്യതയെന്നും രാധാകൃഷ്ണന്‍ ആരോപിച്ചു.തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ദേശീയഗാന വിവാദത്തോടെയാണ് കമലിനെതിരെ സംഘപരിവാര്‍ തിരിഞ്ഞത്. ചെറുപ്പക്കാരെ വഴി തെറ്റിക്കുന്ന ചെഗുവേര ചിത്രങ്ങള്‍ കേരളത്തിലെ ഗ്രാമങ്ങളില്‍നിന്നു നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗാന്ധിജിക്കും വിവേകാനന്ദനും മദര്‍ തെരേസയ്ക്കും ഒപ്പം വയ്ക്കാന്‍ കൊള്ളാവുന്ന ചിത്രമല്ല ചെഗുവേരയുടേത്. ലോകത്ത് ഏറ്റവും കൂടുതല്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ച ആളാണ് അദ്ദേഹം. കറുത്ത വര്‍ഗക്കാരെ നിഷ്ഠൂരം കൊലപ്പെടുത്തിയ ആളാണ് ചെ. മുസോളിനിയുടെയും ഹിറ്റ്‌ലറുടെയും സ്റ്റാലിന്റെയും ചിത്രങ്ങള്‍ക്കൊപ്പമാണ് ചെയുടെ സ്ഥാനം.ചെഗുവേരയുടെ ചിത്രം കാണുന്ന ചെറുപ്പക്കാരാണു തീവച്ചും വെട്ടിയും ജനങ്ങളെ കൊല്ലാന്‍ നടക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു നേതാക്കളുണ്ടല്ലോ, അവരുടെ ചിത്രം വയ്ക്കട്ടെ, ഇഎംഎസിന്റെയും എകെജിയുടെയും ചിത്രം വയ്ക്കട്ടെ. ഗോഡ്‌സെയുടെ ചിത്രം വയ്ക്കുന്നതിനെയും ബിജെപി അംഗീകരിക്കില്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. ബിജെപി വടക്കന്‍ മേഖല ജാഥയുടെ ഭാഗമായി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

© 2024 Live Kerala News. All Rights Reserved.