വാഹനം നല്‍കാതെ ആശുപത്രി അധികൃതര്‍;അഞ്ചുവയസ്സുകാരിയുടെ മൃതദേഹം 15 കിലോമീറ്റര്‍ ചുമക്കേണ്ടിവന്ന ഒരച്ഛന്റെ ദുരവസ്ഥ; സംഭവം ഒഡീഷയില്‍ ; വീഡിയോ കാണാം

അംഗുല്‍: മരണപ്പെട്ട ഭാര്യയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ പണമില്ലാതെ ഭര്‍ത്താവ് പത്തുകിലോമീറ്ററോളം ദൂരം ചുമലിലേറ്റി നടന്നത് ഞെട്ടലോടെയാണ് രാജ്യം കേട്ടത്. ഇതിന് പിന്നാലെ ഒഡീഷയില്‍ നിന്ന് മറ്റൊരു ദാരുണ സംഭവം കൂടി്. അഞ്ചുവയസ്സുകാരി മകളുടെ മൃതദേഹം 15 കിലോമീറ്റര്‍ ചുമക്കേണ്ടിവന്ന ഒരു പിതാവിന്റെ ദുരവസ്ഥയാണ് ഇത്. ഒഡീഷയിലെ അംഗുല്‍ ജില്ലയിലാണ് സംഭവം. പനിമൂലം മരണപ്പെട്ട കുട്ടിയുടെ മൃതദേഹം കൊണ്ടുപോകാന്‍ ആശുപത്രി അധികൃതര്‍ സൗകര്യം ഒരുക്കാത്തതിനെ തുടര്‍ന്നാണ് മകളുടെ മൃതദേഹവും ചുമന്ന് പിതാവിന് നടന്നത്.സുമി ദിബാര്‍ എന്ന അഞ്ചുവയസുകാരിയെ കടുത്ത പനിമൂലം കഴിഞ്ഞ ദിവസമാണ് പല്ലഹാര കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചത്. തൊട്ടടുത്ത ദിവസം തന്നെ കുട്ടി മരണപ്പെടുകയും ചെയ്തു. എന്നാല്‍ മൃതദേഹം കൊണ്ടുപോകാനുള്ള സൗകര്യം ആശുപത്രി അധികൃതര്‍ ചെയ്തുകൊടുത്തില്ല. പിതാവായ ഗട്ടി ധിബാറിന് സര്‍ക്കാരിന്റെ സൗജന്യ സേവനങ്ങളെ കുറിച്ചൊന്നും അറിയുകയുമില്ലായിരുന്നു. കയ്യില്‍ പണമില്ലാത്തതിനാല്‍ തന്നെ വാഹനം വിളിക്കാനും കഴിഞ്ഞില്ല. ഇതോടെ മകളുടെ മൃതദേഹം ചുമന്ന് 15 കിലോമീറ്ററുകളോളം നടക്കുകയായിരുന്നു ഇദ്ദേഹം.സംഭവത്തിന്റെ വീഡിയോ വൈറലായതിനെ തുടര്‍ന്ന് വിഷയത്തില്‍ ജില്ലാ കളക്ടര്‍ അനില്‍കുമാര്‍ സമല്‍ ഇടപെടുകയും ആശുപത്രി അധികൃതര്‍ക്കെതിരെയും മാനേജ്‌മെന്റുകള്‍ക്കെതിരും നടപടിക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.സൗജന്യ ആംബുലന്‍സ് സേവനം പാവപ്പെട്ടവര്‍ക്കായി ഏര്‍പ്പെടുത്തിടിട്ടുണ്ടെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും ഇതൊന്നും സാധാരണക്കാരന് ഉപകാരപ്പെടുന്നില്ലെന്ന വസ്തുതയാണ് ഇത്തരം സംഭവങ്ങളിലൂടെ പറയുന്നത്.

 

© 2024 Live Kerala News. All Rights Reserved.