തട്ടേക്കാട് വനത്തില്‍ യുവാവ് മരിച്ചത് ആനയുടെ ആക്രമണത്തിലല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; മരിച്ചത് വെടിയേറ്റ്;ടോണി മാത്യുവിന്റെ തുടയെല്ലില്‍നിന്ന് വെടിയുണ്ട കണ്ടെടുത്തു;സംഭവത്തിന്റെ ചുരുളഴിയുന്നു

കോതമംഗലം: തട്ടേക്കാട് വനത്തില്‍ നായാട്ട് സംഘത്തില്‍ പെട്ട യുവാവ് മരിച്ചത് ആനയുടെ ആക്രമണത്തിലല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വെടിയേറ്റ് രക്തം വാര്‍ന്നാണ് തട്ടേക്കാട് ഞായപ്പിള്ളി വഴുതനപ്പിള്ളി മാത്യുവിന്റെ മകന്‍ ടോണി മരിച്ചത്. ടോണി മാത്യുവിന്റെ തുടയെല്ലില്‍നിന്നാണു വെടിയുണ്ട കണ്ടെടുത്തു. വെടിയേറ്റു തുടയെല്ല് പൂര്‍ണമായും ചിതറിയ നിലയിലായിരുന്നു. ടോണി മാത്യുവിന്റെ ശരീരത്തില്‍ മറ്റു സാരമായ പരുക്കുകളില്ല. നാടന്‍ തോക്കുകളാണു നായാട്ടിനായി ഉപയോഗിച്ചത്. അതിലെ വെടിയുണ്ടകള്‍ ഇരുമ്പ് വസ്തുക്കള്‍ ഉപയോഗിച്ചു നിര്‍മിച്ചതാണ്. അതിനാല്‍ സാധാരണ വെടിയേറ്റു പരുക്കുണ്ടാകുന്നതുപോലെയല്ല, മാരകമായ പരുക്കാണ് ഉണ്ടായത്. പോസ്റ്റ്‌മോര്‍ട്ടത്തിന്റെ ആദ്യനിഗമനമാണിത്. ആലപ്പുഴ മെഡിക്കല്‍ കോളജിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം.വെടിയേറ്റുള്ള മരണം ആയതുകൊണ്ട് ബാലിസ്റ്റിക് വിദഗ്ധരെ കൊണ്ടുവന്നുള്ള പരിശോധന നടത്താന്‍ പൊലീസ് ഒരുങ്ങുകയാണ്. അതേസമയം, ടോണി മാത്യുവിനൊപ്പമുണ്ടായിരുന്ന വാട്ടപ്പിള്ളില്‍ ബേസില്‍ തങ്കച്ചന്റെ വാരിയെല്ലിന് ഏറ്റിരിക്കുന്നതു ഗുരുതര പരുക്കാണ്. ആനയുടെ തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റാണ് ഈ പരുക്കുണ്ടായതെന്നാണ് ഇപ്പോഴത്തെ നിഗമനം.അതേസമയം, നായാട്ടു സംഘത്തിലെ രക്ഷപ്പെട്ട ഞായപ്പിള്ളി സ്വദേശികളായ ഷൈറ്റ് (40), അജീഷ് (35) എന്നിവര്‍ ഒളിവിലാണ്. പക്ഷിസങ്കേതത്തിന്റെ ഭാഗമായ തൊപ്പിമുടിക്കു സമീപം ബുധനാഴ്ച രാത്രിയിലാണ് സംഭവം.

© 2024 Live Kerala News. All Rights Reserved.