പിന്‍വലിച്ച നോട്ടുകളില്‍ 97ശതമാനവും ബാങ്കുകളിലെത്തി;കള്ളപ്പണം തിരിച്ചെത്തില്ലെന്ന പ്രതീക്ഷയ്ക്ക് തിരിച്ചടി

ന്യൂഡല്‍ഹി: പിന്‍വലിച്ച നോട്ടുകളില്‍ 97ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയതായി റിപ്പോര്‍ട്ട്. സാമ്പത്തിക മാധ്യമമായ ബ്ലൂംബെര്‍ഗിന്റെ കണക്കനുസരിച്ച് ഡിസംബര്‍ 30 ആയപ്പോള്‍ തന്നെ 14.97 ലക്ഷം കോടിയുടെ അസാധു നോട്ടുകള്‍ തിരിച്ചെത്തിയിട്ടുണ്ട്. 15.04 ലക്ഷം കോടി രൂപയുടെ 500, 1000 രൂപാ കറന്‍സികളായിരുന്നു നവംബര്‍ എട്ടിന് പിന്‍വലിച്ചിരുന്നത്.നോട്ട് നിരോധിക്കുന്നതിലൂടെ 20 മുതല്‍ 30 വരെ ശതമാനം നോട്ടുകള്‍ തിരിച്ചുവരില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാടെടുത്തിരുന്നത്. ഈ നോട്ടുകള്‍ സൂക്ഷിക്കുന്നവര്‍ക്ക് കത്തിച്ചു കളയാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നാണ് സര്‍ക്കാര്‍ വാദമുണ്ടായിരുന്നത്. അഞ്ച് ലക്ഷം കോടിയോളം രൂപ കള്ളപ്പണക്കാര്‍ക്ക് കത്തിച്ചു കളയേണ്ടി വരും എന്നു പറഞ്ഞ സര്‍ക്കാര്‍ ഇതുവരെ കൃത്യമായ കണക്കുകള്‍ പുറത്തു വിട്ടിട്ടില്ല. അഞ്ച് ലക്ഷം കോടിയോളം രൂപ തിരിച്ചെത്താത്ത സാഹചര്യത്തില്‍ ഈ തുക ദരിദ്രവിഭാഗത്തിനായി വകയിരുത്തുമെന്നും നോട്ടു നിരോധനം മൂലം ബുദ്ധിമുട്ടുണ്ടാകുന്നത് കള്ളപ്പണക്കാര്‍ക്ക് മാത്രമായിരിക്കും എന്നുള്ള പ്രചരണങ്ങളുമായിരുന്നു ബി.ജെ.പി നേതാക്കാള്‍ നടത്തിയിരുന്നത്.എന്നാല്‍ ബാങ്കുകളില്‍ പണംമാറ്റാനുള്ള സമയം അവസാനിച്ചപ്പോള്‍ ഈ വാദങ്ങള്‍ തെറ്റായിരുന്നു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.നവംബര്‍ 8ന് അപ്രതീക്ഷിതമായി പ്രധാനമന്ത്രി നരേന്ദ്രമോഡി നോട്ട് നിരോധിച്ചപ്പോള്‍ പറഞ്ഞിരുന്നത് രാജ്യത്ത് 20 മുതല്‍ 40 വരെ ശതമാനം കള്ളപ്പണമുണ്ടെന്നും അതില്‍ 20 മുതല്‍ 30 വരെ ശതമാനം നോട്ടുകള്‍ തിരിച്ചുവരില്ലെന്നുമാണ്. ഇവ കത്തിച്ചു കളയല്ലാതെ കള്ളപ്പണക്കാര്‍ക്കു മറ്റു മാര്‍ഗമുണ്ടാകില്ലെന്നും സര്‍ക്കാര്‍ വാദങ്ങള്‍ ഉണ്ടായിരുന്നു

© 2024 Live Kerala News. All Rights Reserved.