പാലക്കാട് ട്രെയിന്‍ തട്ടി മരിച്ചത് പത്തനംതിട്ടയില്‍ നിന്ന് കാണാതായ പെണ്‍കുട്ടികള്‍

പാലക്കാട്: ഒറ്റപ്പാലത്ത് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടികള്‍ കഴിഞ്ഞ ദിവസം പത്തനംതിട്ടയിലെ കോന്നിയില്‍ നിന്നും കാണാതായവരെന്ന് സ്ഥിരീകരിച്ചു. മങ്കര- ലക്കിടി റയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയ്ക്ക് പേരൂര്‍ പൂക്കാട്ടുകുന്ന് റെയില്‍വേ ട്രാക്കിലാണ് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സാരമായി പരുക്കേറ്റ മറ്റൊരു പെണ്‍കുട്ടിയെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരു പെണ്‍കുട്ടിയുടെ മൃതദേഹം റയില്‍വേ ട്രാക്കിലും രണ്ടാമത്തെ കുട്ടിയുടെത് ട്രാക്കിനു സമീപത്തുമാണ് കണ്ടെത്തിയത്.

രാവിലെ എട്ടു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. യാത്രക്കാരില്‍ ഒരാള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. മരിച്ച പെണ്‍കുട്ടികളില്‍ ഒരാളുടെ കൈവെള്ളയില്‍ ആതിര എന്ന പേരും മൊബൈല്‍ നമ്പരും എഴുതി വെച്ചിരുന്നു. ഇതില്‍ നിന്നാണ് മരിച്ചത് പത്തനംതിട്ടയില്‍ കാണാതായവരാണ് എന്ന സൂചനയില്‍ എത്തിയത്.

കഴിഞ്ഞ ദിവസം സ്‌ക്കൂള്‍ വിട്ട ശേഷവും കുട്ടികള്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചിറങ്ങിയപ്പോഴാണ് മൂന്ന് പേരെ കാണാതായ വിവരം പുറത്തറിയുന്നത്. പ്ലസ്ടു വിദ്യാര്‍ത്ഥിനികളായ മൂന്ന് പേരും അടുത്ത സുഹൃത്തുക്കളായിരുന്നു.

© 2024 Live Kerala News. All Rights Reserved.