കാസര്‍കോട്ട് സംഘര്‍ഷം; ഹര്‍ത്താല്‍ പ്രകടനം അക്രമാസക്തമായി;പൊലീസും ബിജെപി പ്രവര്‍ത്തകരും ഏറ്റുമുട്ടി; സിപിഎം ഓഫീസുകള്‍ക്ക് നേരെയും കല്ലേറ്

കാസര്‍ഗോഡ്: ഹര്‍ത്താലിനോടനുബന്ധിച്ച് കാസര്‍ഗോഡ് നഗരത്തില്‍ സംഘര്‍ഷാവസ്ഥ. ഹര്‍ത്താല്‍ ദിനത്തില്‍ ബിജെപി നടത്തിയ പ്രകടനം അക്രമാസക്തമായതിനെ തുടര്‍ന്ന് പൊലീസും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.തിങ്കളാഴ്ച ചെറുവത്തൂരില്‍ ഉണ്ടായ സിപിഎം-ബിജെപി സംഘര്‍ഷത്തെ തുടര്‍ന്നാണ് ബിജെപി ഇന്ന് ജില്ലയില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്. ഹര്‍ത്താലിനോട് അനുബന്ധിച്ച് ബിജെപി നടത്തിയ പ്രകടനത്തില്‍ സിപിഐഎം ഓഫീസുകള്‍ക്ക് നേരെയും സഹകരണ ബാങ്കുകള്‍ക്ക് നേരെയും കല്ലേറുണ്ടായി. പലയിടത്തും സിപിഐഎം കൊടികള്‍ നശിപ്പിക്കുകയും ചെയ്തു. ദേശാഭിമാനി ഓഫീസിന് നേരെയും ആക്രമണത്തിന് ശ്രമമുണ്ടായതോടെ പൊലീസ് പ്രകടനം തടഞ്ഞു. ഇത് ബിജെപി അണികളെ കൂടുതല്‍ അക്രമാസക്തരാക്കി. തുടര്‍ന്നാണ് പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചത്. തിങ്കളാഴ്ച ജില്ലയിലെ സിപിഐഎം ശക്തികേന്ദ്രമായ ചീമേനിയിലേക്ക് ചെറുവത്തൂരില്‍ നിന്നും ബിജെപി നടത്തിയ പദയാത്രയും പൊതുയോഗവും സിപിഐഎം തടഞ്ഞതാണ് സംഘര്‍ഷത്തിനിടയാക്കിയത്. സംഘര്‍ഷത്തില്‍ രണ്ട് സിപിഐമാര്‍ക്കും ഇരുപത് പൊലീസുകാര്‍ക്കും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ സിപിഐഎം സഞ്ചാരസ്വാതന്ത്ര്യം തടയുന്നെന്ന് ആരോപിച്ച് ദേശീയപാത ഉപരോധിച്ച ബിജെപി നേതാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തതിനെ തുടര്‍ന്ന് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.