രണ്ടുവര്‍ഷം മുമ്പ് കാണാതായ കൃഷ്ണകുമാറിന്റെ മൃതദേഹഭാഗങ്ങള്‍ കണ്ടെത്തി;മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത് സെപ്റ്റിക് ടാങ്കില്‍ നിന്ന്; ഒരാള്‍ കസ്റ്റഡിയില്‍

കൊല്ലം: രണ്ടുവര്‍ഷം മുമ്പ് കാണാതായ ചിന്നക്കട കുളത്തില്‍ പുരയിടത്തില്‍ കൃഷ്ണകുമാറിന്റെ മൃതദേഹഭാഗങ്ങള്‍ കണ്ടെടുത്തു. ചിന്നക്കടയിലെ ബവ്‌റിജസിനു സമീപത്തെ സെപ്റ്റിക് ടാങ്കില്‍ നിന്നാണു മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കൃഷ്ണകുമാറിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ ചിന്നക്കടയിലെ പഴയ എഫ്എസിഐ ഗോഡൗണിന് സമീപത്തെ സെപ്റ്റിക് ടാങ്കില്‍ തള്ളിയെന്ന പ്രതികളില്‍ ഒരാളുടെ മൊഴിയെ അടിസ്ഥാനമാക്കിയായിരുന്നു പരിശോധന. കൃഷ്ണകുമാറിന്റെ കൊലപാതകത്തില്‍ സുഹൃത്ത് കൊല്ലം ഈസ്റ്റ് വടക്കുംഭാഗം റോയിയെ നേരത്തെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിരുന്നു. മറ്റു മൂന്നു പേര്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. 2014 നവംബറില്‍ പഴയ സിവില്‍ സപ്ലൈസ് ഗോഡൗണ്‍ സ്ഥിതിചെയ്തിരുന്ന ചിന്നക്കട പൈ ഗോഡൗണ്‍ വളപ്പില്‍ പ്രതികള്‍ ചേര്‍ന്നു മദ്യലഹരിയില്‍ കൃഷ്ണകുമാറിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. കൊലപാതകത്തിന് ഒരു മണിക്കൂര്‍ മുന്‍പു കൃഷ്ണകുമാറിനും പ്രതികള്‍ക്കുമൊപ്പം ഗോഡൗണ്‍ വളപ്പിലിരുന്നു മദ്യപിച്ച ചുമട്ടുതൊഴിലാളി അന്‍സറിന്റെ വെളിപ്പെടുത്തലാണു കൊലപാതകത്തിലേക്കു വെളിച്ചം വീശിയത്. പ്രതികളില്‍ ഒരാളുടെ മകളെ കൃഷ്ണകുമാര്‍ ശല്യപ്പെടുത്തിയതും മറ്റൊരു പ്രതിയുടെ ഭാര്യയുമായുള്ള ബന്ധവുമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു. രാത്രി പൈ ഗോഡൗണ്‍ വളപ്പില്‍ കൃഷ്ണകുമാറും റോയിയും മുരുകനും അയ്യപ്പനും ഒരുമിച്ചിരുന്നു മദ്യപിക്കുകയും കഞ്ചാവ് വലിക്കുകയും ചെയ്തു.ഇതിനിടെ പ്രതികളും കൃഷ്ണകുമാറും തമ്മില്‍ വാക്കേറ്റമുണ്ടായി. ഈ സമയം ഇവിടെയെത്തിയ അന്‍സറിനെ പ്രതികള്‍ മദ്യം നല്‍കി പെട്ടെന്നു പറഞ്ഞയച്ചു. തുടര്‍ന്നു വീണ്ടും വഴക്കുണ്ടായി. പൈ ഗോഡൗണ്‍ കെട്ടിടം പൊളിച്ചപ്പോള്‍ കൂട്ടിയിട്ടിരുന്ന കല്ലുകളും ഇരുമ്പു കഷണങ്ങളും ഉപയോഗിച്ച് ഇവര്‍ കൃഷ്ണകുമാറിനെ ആക്രമിക്കുകയായിരുന്നു. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കൃഷ്ണകുമാറിനെ 2014 നവംബര്‍ 11ന് ആണു കാണാതായത്. ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു മര്‍ദിച്ചു കൊലപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ വളപ്പില്‍ കുഴിച്ചുമൂടിയതായി മാതാവ് രാജമ്മ നല്‍കിയ പരാതിയില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം കൊല്ലം പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണു വെളിപ്പെടുത്തല്‍.

© 2024 Live Kerala News. All Rights Reserved.