ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് ഠാക്കൂറിനെ സുപ്രീംകോടതി പുറത്താക്കി;സെക്രട്ടറി അജയ് ഷിര്‍ക്കെയെയും പുറത്ത്; നടപടി ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ അവഗണിച്ചതിന്

ന്യൂഡല്‍ഹി :അനുരാഗ് ഠാക്കൂറിനെ ബിസിസിഐ അധ്യക്ഷ സ്ഥാനത്ത് നിന്നും സുപ്രീം കോടതി പുറത്താക്കി. സെക്രട്ടറി അജയ് ഷിര്‍ക്കയെയും സുപ്രീംകോടതി പുറത്താക്കി.പുതിയ ഭരണ സമിതിയെ നിയമിക്കണം എന്നും കോടതി നിര്‍ദേശിച്ചു. മുതിര്‍ന്ന വൈസ് പ്രസിഡന്റിനും ജോയിന്റ് സെക്രട്ടറിക്കായിരിക്കും ചുമതല.ലോധ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തയ്യാറായില്ലെന്നതാണ് ഠാക്കൂറിനെതിരായ ആരോപണം.ലോധ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കാന്‍ ഡിസംബര്‍ 3വരെയാണ് സുപ്രീംകോടതി സമയം നല്‍കിയിരുന്നത്. ഒപ്പം വ്യാജ സ്ത്യവാങ്മൂലം നല്‍കിയെന്ന ആരോപണവും ഠാക്കൂറിനെ പുറത്താക്കാന്‍ കാരണമായി.ആരും നിയമത്തിന് അതീതരല്ലെന്ന് ജസ്റ്റിസ് ആര്‍എം ലോധ പ്രതികരിച്ചു. സുപ്രീം കോടതി വിധി മറ്റു കായിക സംഘടനകള്‍ക്കും മാതൃകയാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോധ കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ചാണ് അനുരാഗ് ഠാക്കൂറിനെതിരായ നടപടി.ജസ്റ്റിസ് ലോധ സമിതി ശുപാര്‍ശകള്‍ ബിസിസിഐയില്‍ നടപ്പാക്കുന്നതു സംബന്ധിച്ച വാദങ്ങള്‍ക്കിടെയായിരുന്നു ഠാക്കൂറിന് കോടതി മുന്നറിയിപ്പ് നല്‍കിയത്. ബിസിസിഐയുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാന്‍ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനെ (സിഎജി) നിയമിക്കണമെന്ന സമിതി ശുപാര്‍ശയ്‌ക്കെതിരെ രാജ്യാന്തര ക്രിക്കറ്റ് സമിതിയുടെ (ഐസിസി) കത്ത് ആവശ്യപ്പെട്ടതാണു ഠാക്കൂറിനെ വെട്ടിലാക്കിയത്. ഐ.സി.സി സിഇഒ ഡേവ് റിച്ചാര്‍ഡ്‌സണില്‍നിന്നു താന്‍ അത്തരമൊരു കത്ത് ആവശ്യപ്പെട്ടിട്ടില്ലെന്ന സത്യവാങ്മൂലം ഠാക്കൂര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, കത്ത് ആവശ്യപ്പെട്ടുവെന്ന് ഐ.സി.സി ചെയര്‍മാന്‍ ശശാങ്ക് മനോഹര്‍ നടത്തിയ വെളിപ്പെടുത്തലാണ് ഠാക്കൂറിനെ കുടുക്കിയത്. സി.എ.ജി നിയമനം ബാഹ്യ ഇടപെടലാണെന്നും അതുവഴി ബോര്‍ഡിന് ഐസിസിയുടെ അംഗീകാരം നഷ്ടപ്പെടുമെന്നും ചൂണ്ടിക്കാട്ടിയുള്ള കത്ത് എഴുതാന്‍ ഠാക്കൂര്‍ തന്നോട് ആവശ്യപ്പെട്ടുവെന്നു ശശാങ്ക് വ്യക്തമാക്കിയിരുന്നു. തുടര്‍ന്നായിരുന്നു സുപ്രീം കോടതിയുടെ ഇടപെടല്‍.

© 2024 Live Kerala News. All Rights Reserved.