കേരളത്തിലെ ജനങ്ങള്‍ക്ക് മാവോയിസ്റ്റ് അനുകൂല മനോഭാവമെന്ന് കേന്ദ്രം;നിലമ്പൂര്‍ ഏറ്റുമുട്ടലിന് കേന്ദ്രത്തിന്റെ പിന്തുണ

ന്യൂഡല്‍ഹി: കേരളത്തിലെ ജനങ്ങള്‍ക്ക് മാവോയിസ്റ്റ് അനുകൂല മനോഭാവമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നിലമ്പൂരില്‍ മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ വധിച്ച പൊലീസ് നടപടിയെ അനുകൂലിച്ചുകൊണ്ട് ആഭ്യന്തര ഉപദേഷ്ടാവ് വിജയകുമാര്‍ ആണ് ഇക്കാര്യം പറഞ്ഞത്.നിലമ്പൂരില്‍ പൊലീസ് കടമ നിര്‍വഹിക്കുക മാത്രമാണ് ചെയ്തതെന്ന് മാവോയിസ്റ്റ് ഏറ്റുമുട്ടലിനെ കുറിച്ച് പ്രതികരിക്കവെ അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലല്ലെന്നും പോലീസ് ആയുധം ഉപയോഗിച്ചത് നിയമപരമാണെന്നും അദ്ദേഹം വ്യക്തമാക്കി.ദക്ഷിണേന്ത്യയില്‍ മാവോയിസ്റ്റ് ഭീഷണി ശക്തമായി നിലനില്‍ക്കുന്നു.മാവോയിസ്റ്റുകള്‍ ആയുധം ഉപേക്ഷിക്കണം. ശേഷം പാവപ്പെട്ടവര്‍ക്കും ആദിവാസികള്‍ക്കുമായി അവര്‍ പ്രവര്‍ത്തിക്കട്ടെ എന്നും ആഭ്യന്തര മന്ത്രാലയ ഉപദേഷ്ടാവ് വിജയകുമാര്‍ പറഞ്ഞു. കേരളത്തിലെ മാവോയിസ്റ്റുകളെ നേരിടാന്‍ ഒരു ബറ്റാലിയന്‍ സേനയെ കൂടി വേണമെന്ന് കേന്ദ്രത്തോട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. കേരളത്തിന്റെ ആവശ്യത്തോട് അനൂകൂല പ്രതികരണമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് നടത്തിയതും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിലായിരുന്നു കേരളത്തിന്റെ ആവശ്യം. ബറ്റാലിയന്‍ കൂടാതെ കൂടുതല്‍ ഫണ്ടും കേരളം ആവശ്യപ്പെട്ടിരുന്നു.

© 2024 Live Kerala News. All Rights Reserved.