തെരുവു നായ്ക്കളുടെ മുന്നില്‍ കണക്കുകൂട്ടല്‍ പിഴച്ച് സര്‍ക്കാര്‍

 

തിരുവനന്തപുരം: തെരുവു നായ്ക്കളുടെ മുന്നില്‍ കണക്കുകൂട്ടല്‍ പിഴച്ച് സര്‍ക്കാര്‍. കേരളത്തില്‍ എത്ര തെരുവു നായ്ക്കളുണ്ടെന്നോ ഇവയെ പിടിക്കാനും ജനന നിയന്ത്രണത്തിനുമായി എത്ര രൂപ ചിലവഴിച്ചെന്നോ സര്‍ക്കാരിനറിയില്ല. തെരുവുനായ്ക്കളുടെ നിയന്ത്രണത്തിന് വേണ്ടത്ര ഡോക്ടര്‍മാരോ സ്റ്റാഫുകളോ ഇല്ല. കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നത് അഞ്ച് ഡോക്ടര്‍മാര്‍. അഞ്ചുപേരും തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ പ്രവര്‍ത്തിക്കുന്നു. മറ്റുള്ള ജില്ലകളില്‍ ഡോക്ടര്‍മാരുടെ സേവനമില്ല. കൂടുതല്‍ ഡോക്ടര്‍മാരെയും ജീവനക്കാരെയും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കണമെന്ന മൃഗസംരക്ഷണ വകുപ്പിന്റെ ആവശ്യം രണ്ട് വര്‍ഷമായി ഫയലില്‍ ഉറങ്ങുന്നു.

സര്‍ക്കാര്‍ സംവിധാനം കാര്യക്ഷമമല്ലാത്തതിനാല്‍ മൃഗക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളാണ് ജനനനിയന്ത്രണവും പേവിഷയത്തിനെതിരെയുള്ള വാക്‌സിനേഷനും നടത്തുന്നത്. തട്ടിപ്പ് സംഘടനകള്‍ പട്ടികളുടെ എണ്ണം പെരുപ്പിച്ച് കാട്ടി പണം തട്ടുന്ന സംഭവങ്ങളും വര്‍ധിച്ചുവരുന്നു.

കേരളത്തില്‍ 2. 68 ലക്ഷം തെരുവുനായ്ക്കളുണ്ടെന്നാണ് മൃഗസംരക്ഷവകുപ്പിന്റെ കണക്ക്. തെരുവുനായ്ക്കളെപറ്റി മൃഗസംരക്ഷണ വകുപ്പ് ഏറ്റവുമവസാനം കണക്കെടുപ്പ് നടത്തിയത് 2012ലാണ്. കേന്ദ്ര സര്‍ക്കാരിന്റെയും എന്‍ജികളുടേയും സഹകരണത്തോടെയായിരുന്നു കണക്കെടുപ്പ്. എന്നാല്‍, തദ്ദേശ സ്വയം ഭരണവകുപ്പിന്റെ കണക്കനുസരിച്ച് തെരുവുനായ്ക്കളുടെ എണ്ണം 50 ലക്ഷമാണ്. തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കിയ വിവരമനുസരിച്ചുള്ള കണക്കാണിത്. പെരുപ്പിച്ച് കാട്ടിയ കണക്കാണിതെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുമ്പോഴും പിന്നീടൊരിക്കലും നായ്ക്കളുെട കണക്കെടുക്കാന്‍ സര്‍ക്കാര്‍ മിനക്കെട്ടിട്ടില്ല.

© 2024 Live Kerala News. All Rights Reserved.