എല്ലാ ഇന്ത്യക്കാരന്റെയും ജീവന്‍ സര്‍ക്കാരിന് പ്രധാനപ്പെട്ടത്; ഫാ.ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി ഇടപെടുമെന്ന് സുഷമ സ്വരാജ്

ന്യൂഡല്‍ഹി: കഴിഞ്ഞ മാര്‍ച്ചില്‍ യെമനില്‍നിന്നു ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി ഇടപെടുമെന്ന് കേന്ദ്രവിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ടോം ഒരു ഇന്ത്യന്‍ പൗരനാണെന്നുംഎല്ലാ ഇന്ത്യക്കാരന്റെയും ജീവന്‍ സര്‍ക്കാരിനു വിലപ്പെട്ടതാണെന്നും സുഷമ പറഞ്ഞു. ഫാ.ടോമിനെ സുരക്ഷിതനായി മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. എല്ലാ വഴികളും ഇതിനായി തേടും, ഒരു സാധ്യതയും അവഗണിക്കില്ലെന്നും വിദേശകാര്യ മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. ഫാ.ടോമിന്റെ പുതിയ വീഡിയോ സമൂഹമാധ്യമങ്ങള്‍ വഴി പുറത്തുവന്നതിനു പിന്നാലെയാണ് വിദേശകാര്യമന്ത്രിയുടെ പ്രതികരണം. സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായും യെമനിലെ പ്രാദേശിക ഭരണകൂടവുമായും കേന്ദ്ര സര്‍ക്കാര്‍ സദാ സമ്പര്‍ക്കത്തിലാണ്. യെമനിലെ ഇപ്പോഴത്തെ സാഹചര്യംകൂടി പരിഗണിക്കേണ്ടതുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് വ്യക്തമാക്കിയിരുന്നു.ഫാ.ടോം എന്നറിയപ്പെടുന്ന ടോമി ജോര്‍ജ് ആണു താനെന്നു പരിചയപ്പെടുത്തിയാണു വിഡിയോ ആരംഭിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ യെമനിലെ ഏഡനില്‍ നിന്നു തട്ടിക്കൊണ്ടുപോയവര്‍ പലതവണ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു. പക്ഷേ, കാര്യമായ ഒരു നടപടിയും ഉണ്ടായില്ല. മാര്‍പാപ്പയും ഇന്ത്യയിലെ എല്ലാ വിശ്വാസികളും ബിഷപ്പുമാരും തന്റെ മോചനത്തിനു സാധ്യമായതെല്ലാം ചെയ്യണമെന്നും ഇന്ത്യക്കാരനായതു കൊണ്ടാണ് തന്റെ വിഷയത്തില്‍ കാര്യമായ ഇടപെടലുകള്‍ നടക്കാത്തതെന്ന് അദ്ദേഹം പറയുന്നു. ആരോഗ്യം ക്ഷയിച്ചു വരികയാണ്. വൈദ്യസഹായം കൂടിയേ തീരൂ. തന്നെ മോചിപ്പിക്കണമെന്നും അപേക്ഷിച്ചാണു വീഡിയോ അവസാനിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.