ചൈനയെ ലക്ഷ്യമിട്ട് ഇന്ത്യ; അഗ്‌നി-5 ന്റെ അവസാനഘട്ട പരീക്ഷണം ഉടന്‍ നടക്കുമെന്ന് പ്രതിരോധ ഗവേഷണ കേന്ദ്രം

ന്യൂഡല്‍ഹി: ചൈനയ്ക്കു വെല്ലുവിളി ഉയര്‍ത്തുന്ന ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അഗ്‌നി 5 ന്റെ അവസാനഘട്ടപരീക്ഷണം ഉടന്‍ നടക്കുമെന്ന് പ്രതിരോധ ഗവേഷണ കേന്ദ്രം (ഡിആര്‍ഡിഒ) വൃത്തങ്ങള്‍ അറിയിച്ചു.ഡിസംബര്‍ അവസാനമോ ജനുവരി ആദ്യമോ അഗ്‌നി അഞ്ചിന്റെ അന്തിമപരീക്ഷണം നടത്താനാണ് പ്രതിരോധവൃത്തങ്ങള്‍ ആലോച്ചിക്കുന്നത്. ഇതിനുള്ള തയ്യാറെടുപ്പുകള്‍ അന്തിമഘട്ടത്തിലാണെന്ന് പ്രതിരോധവിഭാഗം ശാസ്ത്രജ്ഞരെ ഉദ്ധരിച്ച് ടൈസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.2015ല്‍ ഒഡീഷ തീരത്തെ വീലര്‍ ദ്വീപില്‍ വച്ചാണ് അഗ്‌നി5 ഇതിനു മുന്‍പു പരീക്ഷിച്ചത്.2015 ജനുവരിയില്‍ നടത്തിയ പരീക്ഷണത്തില്‍ ചെറിയ ന്യൂനതകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവ പരിഹരിച്ചതിനുശേഷമാകും അവസാന പരീക്ഷണം നടത്തുക. ആണവായുധം വഹിക്കാന്‍ ശേഷിയുള്ളതാണ് അഗ്‌നി അഞ്ച് മിസൈല്‍. ചൈനയുടെ വടക്കന്‍ മേഖലകളില്‍ വരെ സഞ്ചരിക്കാനുള്ള ശേഷിയുണ്ട് ഇതിന്. അയ്യായിരത്തിലധികം കിലോമീറ്റര്‍ ദൂരെയുള്ള ലക്ഷ്യം ഭേദിക്കാനാവുന്ന മിസൈലിന് ഒരു ടണ്ണിലേറെ ഭാരമുള്ള ആണവ പോര്‍മുന വഹിക്കാനുള്ള ശേഷിയുണ്ട്. 17 മീറ്റര്‍ നീളവും 50 ടണ്ണിലേറെ ഭാരമുള്ളതാണു മിസൈല്‍. ചൈനയെ ആദ്യമായി പ്രഹരപരിധിയില്‍ കൊണ്ടുവന്നത് അഗ്‌നി മിസൈലാണ്. അഗ്‌നിയുടെ പരിധിയില്‍ ഏഷ്യന്‍ ഭൂഖണ്ഡം പൂര്‍ണമായും വരും. യൂറോപ്പ്, ആഫ്രിക്ക ഭൂഖണ്ഡങ്ങള്‍ ഭാഗികമായും. ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ഉത്തര കൊറിയ, ഇന്തൊനീഷ്യ, തായ്‌ലന്‍ഡ്, മലേഷ്യ, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ഇറാഖ്, ഈജിപ്ത്, സിറിയ, സുഡാന്‍, ലിബിയ, റഷ്യ, ജര്‍മനി, യുക്രെയ്ന്‍, ഗ്രീസ്, ഇറ്റലി എന്നീ രാജ്യങ്ങളെ പ്രഹരപരിധിയിലാക്കുമ്പോള്‍ യുഎസ്, ചൈന, ഫ്രാന്‍സ്, റഷ്യ എന്നീ വന്‍ശക്തികള്‍ക്കൊപ്പം ഇടം നേടാനും ഇന്ത്യയ്ക്കു വഴിയൊരുക്കുകയാണ് അഗ്‌നി5.

© 2024 Live Kerala News. All Rights Reserved.