ഭോപാലില്‍ മുഖ്യമന്ത്രിയെ തടഞ്ഞ നടപടി തികഞ്ഞ ഫാസിസമെന്ന് ചെന്നിത്തല; സംഭവത്തെ ന്യായീകരിച്ച കുമ്മനം രാജശേഖരന്റെ നടപടി ദൗര്‍ഭാഗ്യകരം; കേരളത്തെ അപമാനിച്ച നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തും

തിരുവനന്തപുരം:മധ്യപ്രദേശിലെ ഭോപ്പാലില്‍ മലയാളി അസോസിയേഷനുകള്‍ ഒരുക്കിയ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ആര്‍എസ്എസ് ഭീഷണി ഉയര്‍ത്തിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനെ തടഞ്ഞ നടപടി തികഞ്ഞ ഫാസിസമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സംഭവത്തെ ന്യായീകരിച്ച കുമ്മനം രാജശേഖരന്റെ നടപടി ദൗര്‍ഭാഗ്യകരമാണെന്നും കേരളത്തെ അപമാനിച്ച നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും ചെന്നിത്തല പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇന്നലെ മുഖ്യമന്ത്രിയെ തടഞ്ഞ നടപടിക്കെതിരെ രംഗത്ത് വന്നിരുന്നു. സംഭവത്തെ നിര്‍ഭാഗ്യകരമെന്നാണ് ഉമ്മന്‍ചാണ്ടി വിശേഷിപ്പിച്ചത്. ഒരു മുഖ്യമന്ത്രിക്കും ഉണ്ടാകാത്ത അനുഭവമാണ് പിണറായി വിജയനു നേരെ ഉണ്ടായിരിക്കുന്നത്. ഇതിന്റെ നാണക്കേട് മധ്യപ്രദേശ് സംസ്ഥാനത്തിനും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനുമാണെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു. ഫെഡറല്‍ സംവിധാനത്തില്‍ പുലര്‍ത്തേണ്ട മര്യാദയുടെ ലംഘനമാണിതെന്നും അദ്ദേഹം പറഞ്ഞു.ശനിയാഴ്ചയാണ് ഭോപ്പാലിലെ മലയാളി അസോസിയേഷനുകള്‍ ഒരുക്കിയ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഭോപ്പാല്‍ പോലീസ് പിണറായിയെ വിലക്കിയത്. ആര്‍.എസ്.എസ് പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നും ഉത്തരവാദിത്വമേല്‍ക്കാന്‍ കഴിയില്ലെന്നും പറഞ്ഞാണ് പൊലീസ് പിണറായിയെ തടഞ്ഞത്. എന്നാല്‍ പൊലീസ് നടപടിയെ ന്യായീകരിക്കുന്ന നിലപാടാണ് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍ സ്വീകരിച്ചിരുന്നത്. സംസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകര്‍ക്കും ഓഫിസുകള്‍ക്കും സംരക്ഷണം നല്‍കാന്‍ കഴിയാത്തവരാണ് മധ്യപ്രദേശിലെ പ്രതിഷേധത്തെ കുറ്റപ്പെടുത്തുന്നതെന്ന് കുമ്മനം പറഞ്ഞത്. പ്രതിഷേധം നടക്കുന്ന കാര്യം പിണറായിയെ അറിയിച്ച പൊലീസ് സംരക്ഷണമൊരുക്കാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ മുഖ്യമന്ത്രി അത് നിഷേധിക്കുകയായിരുന്നെന്നും കുമ്മനം പറഞ്ഞിരുന്നു.

© 2024 Live Kerala News. All Rights Reserved.