ശശികലയ്‌ക്കെതിരെ ജയലളിതയുടെ സഹോദരപുത്രി രംഗത്ത്; ജയലളിതയുടെ യഥാര്‍ത്ഥ പിന്‍ഗാമി താനാണെന്ന് ദീപ; ശശികല നേതൃത്വം ഏറ്റെടുക്കുന്നത് ജനാധിപത്യ വിരുദ്ധം

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ പിന്‍ഗാമിയായി ഉറ്റതോഴി ശശികല എഐഎഡിഎംകെയുടെ നേതൃത്വം ഏറ്റെടുക്കുന്നതിനെതിരെ ജയലളിതയുടെ സഹോദരപുത്രി ദീപ രംഗത്ത്. ജയലളിതയുടെ യഥാര്‍ത്ഥ പിന്‍ഗാമി താനാണെന്നും ശശികല നേതൃത്വം ഏറ്റെടുക്കുന്നത് ജനാധിപത്യ വിരുദ്ധ നടപടിയാണെന്നും ദീപ പറഞ്ഞു. ജയലളിതയുടെ രാഷ്ട്രീയ പിന്‍ഗാമിയാകാന്‍ ഒരുക്കമാണെന്നും ജനങ്ങള്‍ ആഗ്രഹിച്ചാല്‍ രാഷ്ട്രീയത്തിലിറങ്ങുമെന്നും ദീപ പറഞ്ഞു. ജയലളിതയുടെ ഏക സഹോദരനായ ജയകുമാറിന്റെ മകളാണ് ദീപ.തന്റെ സഹോദരനായ ദീപക്ക് എങ്ങനെയാണ് ശശികലയ്ക്ക് ഒപ്പം എത്തിയതെന്ന് അറിയില്ല. ദീപക്കുമായി പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും അവര്‍ വ്യക്തമാക്കി. ജയലളിതയുടെ ശവസംസ്‌കാര ചടങ്ങുകളില്‍ തോഴി ശശികലയ്‌ക്കൊപ്പം ദീപക്കും സമീപത്തുണ്ടായിരുന്നു. എന്നാല്‍ ദീപക്കിനെ ഇതുവരെ കാണാനായില്ലെന്നും സംസാരിക്കാന്‍ സാധിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ശശികല പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാവുന്നതിനുള്ള സാധ്യതകള്‍ ശക്തമാകുന്നതിനിടെയാണ് ദീപ എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നത്. അധികാരം പിടിക്കാനുള്ള ശശികലയുടെ ശ്രമങ്ങളെ ജനങ്ങള്‍ പ്രോത്സാഹിപ്പിക്കില്ലെന്നും ദീപ പറഞ്ഞു. പാര്‍ട്ടിയെ ആരു നയിക്കണമെന്നത് ജനങ്ങളുടെ തീരുമാനത്തിന് വിടുന്നതാണ് നല്ലത്. ജനാഭിപ്രായമറിഞ്ഞ് അതിനെ വിലയിരുത്തി വേണം പാര്‍ട്ടി നേതൃത്വം ഭാവി നടപടികള്‍ കൈക്കൊള്ളാന്‍ ദീപ പറഞ്ഞു. അതേസമയം, അണ്ണാ ഡിഎംകെ നേതൃത്വം ദീപയുടെ നിലപാട് തള്ളിക്കളഞ്ഞു. ദീപയുടെ വിവാഹത്തിനുപോലും ജയലളിത പോയിട്ടില്ലെന്ന് പാര്‍ട്ടി ചൂണ്ടിക്കാട്ടി.ശശികലയെ തന്റെ രാഷ്ട്രീയ പിന്‍ഗാമിയായി ജയലളിത തിരഞ്ഞെടുത്തിരുന്നുവെന്ന റിപ്പോര്‍ട്ടുകളെ ദീപ പുച്ഛിച്ചുതള്ളി. ജീവിച്ചിരുന്ന കാലത്ത് ജയലളിതയ്ക്ക് താല്‍പര്യമില്ലാത്ത ഒരുപാട് കാര്യങ്ങള്‍ ചെയ്തയാളാണ് ശശികലയെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ജയലളിതയുടെ രാഷ്ട്രീയ ജീവിതത്തിന് ശശികലയുടെ ചില നടപടികള്‍ പേരുദോഷം പോലുമുണ്ടാക്കി. ഇത് പലപ്പോഴും ജയലളിതയെ കോപാകുലയാക്കിയിട്ടുണ്ടെന്നും ദീപ ചൂണ്ടിക്കാട്ടി.കഴിഞ്ഞ 27 വര്‍ഷമായി ജയലളിത അലങ്കരിച്ചിരുന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദവിയിലേക്ക് നിലവില്‍ ശശികലയുടെ പേരാണ് നിരവധി നേതാക്കളും മുതിര്‍ന്ന മന്ത്രിമാരും മുന്നോട്ട് വയ്ക്കുന്നത്. മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം അടക്കമുള്ളവര്‍ ഈ അഭിപ്രായക്കാരാണ്. ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് അവരില്‍ പലരും കഴിഞ്ഞ ദിവസങ്ങളില്‍ പോയസ് ഗാര്‍ഡനിലെത്തി ശശികലയെ കണ്ടിരുന്നു. ശശികലയെ നേതൃസ്ഥാനത്തേക്ക് നിയോഗിക്കാനുള്ള തീരുമാനം പാര്‍ട്ടി ഒറ്റക്കെട്ടായി തീരുമാനിച്ചതാണെന്നും പാര്‍ട്ടി വക്താവ് സരസ്വതി പ്രതികരിച്ചിരുന്നു. ഇതേസമയം ശശികല പാര്‍ട്ടി നേതൃത്വത്തിലേക്ക് എത്തുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പ്രതിഷേധവുമായി ഒരുവിഭാഗം അണികള്‍ പോയസ് ഗാര്‍ഡന് മുന്നിലെത്തിയിരുന്നു. ജയലളിതയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിരുന്നു.