നോട്ടുമാറ്റത്തില്‍ വന്‍ അഴിമതിയെന്ന് പി. ചിദംബരം;കോടികളുടെ 2000 രൂപ നോട്ട് പിടിക്കുന്നത് തെളിവാണ്; നോട്ട് ക്ഷാമം പരിഹരിക്കാന്‍ ഏഴുമാസം വേണ്ടിവരും

ന്യൂഡല്‍ഹി: നോട്ടുമാറ്റത്തില്‍ വന്‍ അഴിമതിയാണ് നടന്നിരിക്കുന്നതെന്ന്മുന്‍ ധനമന്ത്രി പി.ചിദംബരം. കോടികളുടെ 2000 രൂപ നോട്ട് പിടിച്ചത് ഇതിനു തെളിവാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.നോട്ട് നിരോധിച്ചതില്‍ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് മോഡിക്കെതിരെയും ബിജെപി ഗവണ്‍മെന്റിനെതിരെയും അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ധനമന്ത്രി ആയിരുന്ന ചിദംബരവും വിമര്‍ശനവുമായി എത്തിയത്.ലോകമാധ്യമങ്ങള്‍ ഇന്ത്യയുടെ നടപടിയെ വിമര്‍ശിച്ച് ദിനംപ്രതി ലേഖനങ്ങള്‍ എഴുതുകയാണ്. മറ്റൊരു രാജ്യവും പ്രചാരത്തിലുള്ള പണത്തിന്റെ 86 ശതമാനം ഒരിക്കലും പിന്‍വലിച്ചിട്ടില്ല. പൊതുരംഗത്തെ അഴിമതി 2000 രൂപ നോട്ടിലേക്കു മാറിയിട്ടുണ്ട്. നോട്ട് പിന്‍വലിക്കല്‍ കൊണ്ട് കള്ളനോട്ട് തടയാനാകില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ കള്ളനോട്ടുള്ളത് ഡോളറിലാണ്. ആറുമാസത്തിനകം പുതിയ കറന്‍സിയുടെ കള്ളനോട്ടും പ്രതീക്ഷിക്കാം. നോട്ട് ക്ഷാമം പരിഹരിക്കാന്‍ ഏഴുമാസമെങ്കിലും വേണ്ടിവരും. 2300 കോടി നോട്ടുകള്‍ പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍ അച്ചടിച്ചത് 300 കോടി മാത്രമാണ്. കുഗ്രാമങ്ങള്‍ പോലും കറന്‍സി രഹിതമാകുമെന്ന വാദം വിഡ്ഢിത്തരമാണ്. ഏതൊരു രാജ്യത്തായാലും ചെറിയ ഇടപാടുകള്‍ക്കായി പണം ആവശ്യമാണ്. വലിയ ഇടപാടുകള്‍ ഡിജിറ്റലില്‍ ആകാമെന്നും ചിദംബരം വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.