കണക്കില്‍പെടാത്ത 33 ലക്ഷത്തിന്റെ പുതിയ നോട്ടുകളുമായി ബിജെപി നേതാവടക്കം7 പേര്‍ പിടിയില്‍;ആയുധങ്ങളും പിടികൂടി;അറസ്റ്റ് കള്ളപ്പണം വെളുപ്പിക്കുന്നതിനിടെ

കൊല്‍ക്കത്ത:കണക്കില്‍പെടാത്ത 33 ലക്ഷത്തിന്റെ പുതിയ നോട്ടുകളുമായി ബിജെപി നേതാവ് അടക്കം ഏഴ് പേര്‍ കൊല്‍ക്കത്തയില്‍ അറസ്റ്റില്‍. 2000ത്തിന്റെ പുതിയ നോട്ടുകളാണ് പിടിച്ചെടുത്തതില്‍ അധികവും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ റാണിഗുഞ്ച് മണ്ഡലത്തില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മനീഷ് ശര്‍മയാണ് പിടിയിലായത്. മനീഷ് ശര്‍മയെ കൂടാതെ ആറു പേരും പൊലീസിന്റെ പിടിയിലായിട്ടുണ്ട്.മനീഷ് ശര്‍മയുടെ പക്കല്‍ നിന്നും കണക്കില്‍ പെടാത്ത പത്ത് ലക്ഷം രൂപയും കൂട്ടാളികളുടെ കയ്യില്‍ നിന്നും 23 ലക്ഷം രൂപയുമാണ് പൊലീസ് പിടിച്ചെടുത്തത്. ഇവരുടെ പക്കല്‍ നിന്നും കൊതോക്കുകളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു.കൊല്‍ക്കത്തയില്‍ വെച്ച് കള്ളപ്പണം വെളുപ്പിക്കാനായിരുന്നു ഇവരുടെ ശ്രമമെന്ന് പൊലീസ് പറയുന്നു.ബംഗാളിലെ അസന്‍സോള്‍ ദുര്‍ഗാപൂര്‍ ഭാഗത്തു നിന്നും കൊല്‍ക്കത്തയിലേക്ക് ഇന്നോവയില്‍ പണക്കെട്ടുകളും ആയുധങ്ങളുമായി ഏഴംഗ സംഘം പുറപ്പെട്ടിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ബിജെപി നേതാവ് പിടിയിലായത്. കൊല്‍ക്കത്തയ്ക്ക് 30 കിലോമീറ്റര്‍ അകലെ ഡന്‍കുനി ടോള്‍പ്ലാസയില്‍ നിന്നും പൊലീസിന്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞ സംഘത്തെ ഫോണ്‍ സംഭാഷണം പിന്തുടര്‍ന്നാണ് കൊല്‍ക്കത്ത എയര്‍പോര്‍ട്ടിനടുത്തുള്ള ഫ്‌ലാറ്റില്‍ നിന്നും അറസ്റ്റ് ചെയ്തത്.
പിടിയിലായ എല്ലാവര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും പോലീസ് പറഞ്ഞു. ഇവര്‍ക്കെതിരെ ക്രമിനല്‍ ഗൂഢാലോചന, ആയുധ ആക്ട് തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.എന്നാല്‍ പിടിയിലായ മനീഷ് ശര്‍മയെ കഴിഞ്ഞ വര്‍ഷം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതാണെന്ന് സംസ്ഥാന ബിജെപി നേതൃത്വം പ്രതികരിച്ചു. നിലവില്‍ ഇയാള്‍ക്ക് ബിജെപിയുമായി ബന്ധമില്ലെന്നും ബിജെപി നേതാവ് ദിലീപ് ഘോഷ് പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.