സഹകരണ ബാങ്കുകളില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന;ഒരു കോടി മുതല്‍ 12 കോടി വരെ സഹകരണ ബാങ്കുകളില്‍ സംഘങ്ങള്‍ നിക്ഷേപിച്ചതായി വിവരം; മലപ്പുറത്തെ കോണ്‍ഗ്രസ് നേതാവ് നിക്ഷേപിച്ചത് രണ്ടരക്കോടി രൂപ

കോഴിക്കോട്: സംസ്ഥാനത്തെ സഹകരണബാങ്കുകളില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന.500,1000 നോട്ട് നിരോധന പ്രഖ്യാപനം വന്നതിനു ശേഷ മുളള ദിവസങ്ങളില്‍ സഹകരണ ബാങ്കിലേക്ക് കോടികളാണ് നിക്ഷേപമായി എത്തിയതെന്ന് ആദായ നികുതി വകുപ്പ്. ഇതിനെ തുടര്‍ന്ന് സംശയമുളള സഹകരണ ബാങ്കുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തി. സഹകരണ ബാങ്കുകള്‍ ഈ കാലയളവില്‍ ദേശസാത്കൃത ബാങ്കുകളില്‍ നടത്തിയ നിക്ഷേപത്തെക്കുറിച്ചുളള വിവരങ്ങളാണ് ആദായ നികുതി വകുപ്പ് പുറത്തുവിട്ടത്.ഒരു കോടി മുതല്‍ 12 കോടി വരെ വിവിധ ജില്ലകളിലെ സഹകരണ സംഘങ്ങള്‍ ബാങ്കുകളില്‍ നിക്ഷേപിച്ചു. മലപ്പുറത്തെ കോണ്‍ഗ്രസിന്റെ ഒരു പഞ്ചായത്ത് അംഗം രണ്ടരക്കോടി രൂപയാണ് സഹകരണ ബാങ്കില്‍ നിക്ഷേപിച്ചതെന്നും മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, കോഴിക്കോട് എന്നിങ്ങനെ വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ നിക്ഷേപം നടന്നത്. സഹകരണ ബാങ്കിന്റെ നിക്ഷേപം വാങ്ങിയ ദേശസാത്കൃത ബാങ്കുകളും ആദായനികുതി വകുപ്പിന്റെ പരിശോധനയെ തുടര്‍ന്ന് ആശയക്കുഴപ്പത്തിലാണ്. കോഴിക്കോട്ടെ വിവാദമായ ഒരു സഹകരണ ബാങ്ക് 12 കോടി രൂപയാണ് പ്രമുഖ ബാങ്കില്‍ നിക്ഷേപിച്ചത്.അഞ്ഞൂറ്, ആയിരം നോട്ടുകള്‍ നിരോധിച്ച നവംബര്‍ എട്ടുമുതല്‍ 17 വരെയുളള ദിവസങ്ങളില്‍ ജില്ലാ സഹകരണ ബാങ്കുകളില്‍ 849.5 കോടി രൂപയാണ് നിക്ഷേപമായി ലഭിച്ചതെന്ന് ഇന്നലെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. സഹകരണ ബാങ്കുകളില്‍ നോട്ട് നിരോധിച്ച ശേഷമുളള രണ്ടാഴ്ച കാലയളവില്‍ 260 കോടിയാണ് നിക്ഷേപം ലഭിച്ചത്.

© 2024 Live Kerala News. All Rights Reserved.