സഹകരണ മേഖലയിലെ പ്രതിസന്ധി ഗുരുതരം; ജനങ്ങളുടെ ദുരിതമകറ്റാന്‍ നടപടി വേണമെന്ന് സുപ്രീം കോടതി; സഹകരണ ബാങ്കുകളില്‍ മതിയായ സൗകര്യങ്ങളില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി:500,1000 നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്ന് രാജ്യത്തെ സഹകരണ മേഖലയില്‍ ഉടലെടുത്തിട്ടുള്ള പ്രതിസന്ധി ഗുരുതരമെന്ന് സുപ്രീം കോടതി. ജനങ്ങള്‍ കഷ്ടപ്പെടുകയാണ്. ജനങ്ങളുടെ ദുരിതമകറ്റാന്‍ സര്‍ക്കാര്‍ നടപടികള്‍ എടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീം കോടതി. പ്രതിസന്ധി പരിഹരിച്ചു ജനങ്ങളുടെ ദുരിതമകറ്റാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. അതേസമയം, അടിസ്ഥാന സൗകര്യങ്ങളിലുള്ള കുറവാണു സഹകരണ ബാങ്കുകള്‍ക്കുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കാരണമെന്നു കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു. സഹകരണ മേഖലയില്‍ ബാങ്ക് ഇടപാടിനുവേണ്ട സൗകര്യം പരിമിതമാണ്. ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ബാങ്കുകളില്‍ ലഭ്യമല്ലെന്നും വ്യാജനോട്ടുകള്‍ കണ്ടെത്താന്‍ മതിയായ സംവിധാനമില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയില്‍നിന്നുള്ള സഹകരണ ബാങ്കുകളാണ് സുപ്രീം കോടതിക്കു മുന്നില്‍ പ്രതിസന്ധി അവതരിപ്പിച്ചത്. നോട്ട് റദ്ദാക്കല്‍ സംബന്ധിച്ച പരാതികളെല്ലാം തിങ്കളാഴ്ചയാണ് കോടതി ഇനി പരിഗണിക്കുക.

© 2024 Live Kerala News. All Rights Reserved.