സര്‍ക്കാറിന് വീണ്ടും തിരിച്ചടി; ക്വാറി ലൈസന്‍സ് പുതുക്കുന്നതിനു പരിസ്ഥിതി അനുമതി നിര്‍ബന്ധമെന്ന് സുപ്രീംകോടതി; ക്വാറി ഉടമകളുടെ ഹര്‍ജി തളളി

ന്യൂഡല്‍ഹി: ക്വാറി കേസുകളുമായി ബന്ധപ്പെട്ട് പാറമട ഉടമകള്‍ക്ക് അനുകൂല നിലപാട് കൈക്കൊണ്ട സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി നല്‍കി സുപ്രീംകോടതി വിധി. അഞ്ച് ഹെക്ടറില്‍ താഴെയുള്ള ക്വാറികള്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കാന്‍ പാരിസ്ഥിതികാനുമതി വേണമെന്ന് സുപ്രീംകോടതി വിധിച്ചു. പരിസ്ഥിതി സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ബാധ്യതയുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. ക്വാറി ഉടമകളുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. എല്ലാ ക്വാറികള്‍ക്കും പാരിസ്ഥിതികാനുമതി നിര്‍ബന്ധമാണെന്ന ഹൈകോടതി വിധിക്കെതിരായ ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് കോടതി ക്വാറി ഉടമകളുടെ ഹര്‍ജി തള്ളിയത്.ഈ വിഷയത്തില്‍ ക്വാറി ഉടമകളെ പിന്തുണയ്ക്കുന്ന നിലപാടെടുത്ത സംസ്ഥാന സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചു. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ തള്ളിയിരുന്നു. നാടുനീളെ ക്വാറികള്‍ വരുന്നതിന്റെ ആഘാതം വലുതാണെന്നു ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി, പരിസ്ഥിതി സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം കോടതികള്‍ക്കുണ്ടെന്നും ഓര്‍മിപ്പിച്ചു.അഞ്ചു ഹെക്ടറില്‍ താഴെ വിസ്തീര്‍ണമുള്ള ക്വാറികള്‍ക്കും പരിസ്ഥിതി അനുമതി നിര്‍ബന്ധമാണെന്ന കേരള ഹൈക്കോടതി ഉത്തരവു ചോദ്യംചെയ്തുള്ള ഹര്‍ജികളാണു സുപ്രീം കോടതി പരിഗണിച്ചത്. ക്വാറിയുടമകളായ വര്‍ഗീസ് കുര്യന്‍ (തൊടുപുഴ), സജി ഉലഹന്നാന്‍ (നെടുങ്കണ്ടം), ടിന്‍സന്‍ ജോണ്‍ (ആയൂര്‍) എന്നിവരാണു ഹര്‍ജിക്കാര്‍. 2015 ല്‍ സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനംചെയ്ത ചെറുകിട ധാതുഖനനചട്ടത്തിലെ 12ാം വകുപ്പിലാണ് അഞ്ച് ഹെക്ടര്‍ വരെയുള്ള ഭൂമിയില്‍ ധാതുഖനനം നടത്തുന്നതിനുള്ള ലൈസന്‍സ് പുതുക്കുന്നതിന് പരിസ്ഥിതി അനുമതി നിര്‍ബന്ധമല്ലെന്ന് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ക്വാറി ലൈസന്‍സിന് സര്‍ക്കാര്‍ നല്‍കിയ ഇളവ് ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാര്‍ തീരുമാനം ഭരണഘടനാ ലംഘനമാണെന്ന് പറഞ്ഞാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെ ക്വാറി ഉടമകള്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഇവര്‍ക്കൊപ്പം സംസ്ഥാന സര്‍ക്കാര്‍ കക്ഷിചേരുകയും ചെയ്തു.

© 2024 Live Kerala News. All Rights Reserved.